കാവാലം നാരായണ പണിക്കർ അന്തരിച്ചു; സംസ്കാരം നാളെ

ഞായര്‍, 26 ജൂണ്‍ 2016 (22:59 IST)
നാടകലോകത്തെ കുലപതി കാവാലം നാരായണ പണിക്കർ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് 4.30ന് കാവാലത്തെ സ്വവസതിയിൽ നടക്കും.
 
തനതുനാടകരംഗത്ത് സ്വന്തമായ സിംഹാസനം സൃഷ്ടിച്ച കാവാലം നാരായണ പണിക്കർ ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞു ലക്ഷ്മിയുടെയും മകനായി 1928 ലാണ് ജനിച്ചത്. മികച്ച കവിയും ഗാനരചയിതാവുമായിരുന്നു. 
 
തിരുവാഴിത്താന്‍,അവനവന്‍ കടമ്പ, കരിങ്കുട്ടി, ദൈവത്താര്‍  തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കര്‍ത്താവാണ്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാവാലത്തിൻറെ സംസ്കൃതനാടകം 'കർണഭാരം' രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ചു.
 
രതിനിര്‍വേദം എന്ന ഭരതൻ ചിത്രത്തിന് ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി. തുടർന്ന് വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവപ്പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ഗാനരചന നിര്‍വഹിച്ചു. 1978 ലും 1982 ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
 
ലിജോ ജോസ് പല്ലിശ്ശേരിയുടേ 'ആമേൻ' എന്ന സിനിമയ്ക്കാണ് ഒടുവിൽ ഗാനരചന നിർവഹിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി, തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടര്‍ എന്നീ നിലകളിൽ പ്രശസ്തനാണ്. നെടുമുടിവേണു, ജഗന്നാഥൻ തുടങ്ങിയ പ്രശസ്തർ കാവാലത്തിൻറെ നാടകക്കളരിയിലെ സ്ഥിര സാന്നിധ്യമായിരുന്നു.
 
കാവാലം ശ്രീകുമാർ മകനാണ്.

വെബ്ദുനിയ വായിക്കുക