ട്വിറ്ററിൻ്റെ വഴിയെ മെറ്റയും, ചെലവ് ചുരുക്കാൻ 11,000 ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു

ബുധന്‍, 9 നവം‌ബര്‍ 2022 (18:43 IST)
ഫെയ്സ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ 11,000ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനത്തിൽ വൻ ഇടിവുണ്ടായതിനെ തുറ്റർന്ന് ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായാണ് പിരിച്ചുവിടൽ. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ മാറ്റങ്ങളാണ് ഞാൻ പങ്കുവെയ്ക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ് പോസ്റ്റിലൂടെ കമ്പനി മേധാവി മാർക്ക് സക്കർബർഗ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്.
 
മെറ്റയുടെ ജീവനക്കാരിൽ 13 ശതമാനം പേരെയാണ് ഒഴിവാക്കുക. നിയമനങ്ങൾ നിർത്തിവെയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഓരോ വർഷവും രണ്ടാഴ്ചത്തെ അധികശമ്പളവും നൽകും. വിർച്വൽ റിയാലിറ്റി വ്യവസായത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തിയതും ഫെയ്സ്ബുക്ക് വരുമാനത്തിൽ ഇടിവുണ്ടായതുമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.
 
കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മെറ്റയും സമാന നടപടിയുമായെത്തിയത്. മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്പ്ചാറ്റിൻ്റെ മാതൃസ്ഥാപനമായ സ്നാപ്പും ഓഗസ്റ്റിൽ 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍