സൂക്ഷിച്ചോളൂ... നിങ്ങളുടെ സ്മാര്‍ട്ട്ഫോണും പൊട്ടിത്തെറിക്കും !

ശനി, 22 ഒക്‌ടോബര്‍ 2016 (16:34 IST)
ഗാലക്സി നോട്ട് 7 എന്ന ഫോണുകള്‍ക്കുണ്ടായ അവസ്ഥ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. തന്റെ ഫോണിനും അത്തരത്തിലുള്ള കുഴപ്പമുണ്ടോ? ആ ഫോണ്‍ സുരക്ഷിതമാണോ എന്നിങ്ങനെയുള്ള ചിന്തകളാണ് പല ആളുകളേയും വേട്ടയാടുന്നത്. എല്ലാ ഫോണുകളും പ്രശ്നക്കാരാണോ? എന്താണ് ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മിക്ക ആളുകളും ഇപ്പോള്‍ തേടുന്നത്.
 
വിവിധ സെല്ലുകള്‍ ചേരുന്നതാണ് ഒരു ബാറ്ററി. നിശ്ചിത വോള്‍ട്ടജ് കിട്ടുന്നതിന് സാധാരണ ബാറ്ററിക്കുള്ളില്‍ സെല്ലുകളെ ശ്രേണിയായാണ് ബന്ധിപ്പിക്കുക. ഇത്തരത്തിലുള്ള ഓരോ സെല്ലിലും പോസിറ്റിവ് ഇലക്‌ട്രോഡും നെഗറ്റിവ് ഇലക്‌ട്രോഡുമുണ്ട്. ഈ ഇലക്‌ട്രോഡുകള്‍ സെപ്പറേറ്ററുകള്‍ കൊണ്ട് പരസ്പരം കൂട്ടി മുട്ടാത്ത രീതിയില്‍ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
 
സീല്‍ഡ് ബാറ്ററികളിലെ ഇലക്‌ട്രോലൈറ്റുകള്‍ പൊടി രുപത്തിലോ കുഴമ്പ് രൂപത്തിലോ ആയിരിക്കും. നിര്‍മ്മിക്കുമ്പോഴോ ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവ് മൂലമോ ആണ് ഇത്തരം സീല്‍ഡ് ബാറ്ററിയില്‍ 'തെര്‍മല്‍ റണ്‍ എവേ' (ചൂട് വര്‍ധിക്കുന്നത് ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ നിര്‍ത്താതെ തുടരുന്ന പ്രക്രിയ) സംജാതമാകുകയും തുടര്‍ന്ന് ചൂട് കൂടുകയും ബാറ്ററി പൊട്ടിത്തെറിക്കുകയും ചെയ്യുന്നത്.  
 
ഫോണില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ബാറ്ററി നില്‍ക്കണം, കുത്തുന്നതിനു മുന്‍പ് ചാര്‍ജാവണം എന്നൊക്കെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ബാറ്ററിയുടെ വേഗത്തിലുള്ള ചാര്‍ജിങ്ങ് മൂലം സാധാരണ ലിഥിയം അയോണ്‍ ബാറ്ററിയില്‍ വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ഫാസ്റ്റ് ചാര്‍ജിങ്ങും ഇത്തരം ബാറ്ററി അപകടങ്ങളിലെ ഒരു വില്ലനാണ്. അതിവേഗ ചാര്‍ജിങിനൊപ്പം അമിത ചാര്‍ജിങും ബാറ്ററിയെ തകരാറിലാക്കാന്‍ കാരണമാണ്. ഫാസ്റ്റ് ചാര്‍ജിങ്ങ് സവിശേഷതയുള്ള ഫോണിനൊപ്പം ലഭിക്കുന്ന ചാര്‍ജര്‍ മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക