'ഓൺലൈൻ വിൽപ്പനയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഫോൺ' എന്ന റെക്കോർഡോടെ എൽ ഇ 1 എസ് സ്മാർട്ട്ഫോൺ
ബുധന്‍, 4 മെയ് 2016 (10:27 IST)
ഇന്ത്യയിലെ ഓൺലൈൻ മൊബൈൽ വിൽപ്പനയിലെ പുതിയ താരമായി എൽ ഇ ഇക്കോ എന്ന ചൈനീസ് കമ്പനി വിപണിയിലെത്തിച്ച എൽ ഇ 1 എസ് സ്മാർട്ട്ഫോൺ. 'ഓൺലൈൻ വിൽപ്പനയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഫോൺ' എന്ന പുതിയ റെക്കോർഡും Le 1S സ്വന്തം പേരിലാക്കി.പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിൽ വില വരുന്ന എല്ലാ ബ്രാന്റിലുമുള്ള മോഡലുകളെ കടത്തി വെട്ടിയാണ് എൽഇ ഇക്കോ എന്ന മൊബൈൽ ബ്രാൻഡ് ഒന്നാം സ്ഥാനത്തെത്തിയത്.
ചൈനയിലെ ബീജിങ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലെഷി ഇന്റർനെറ്റ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി എന്ന ഇന്റർനെറ്റ് അധിഷ്ഠിത എന്റർടെയിൻമെന്റ് കമ്പനിയാണ് എൽ.ഇ ഇക്കോ എന്ന പേരിൽ സ്മാർട്ട് ഫോണുകളുമായി ഇന്ത്യൻ വിപണിയിലെത്തിയത്. ഫ്ലാഷ് സെയിലിലൂടെ സെക്കന്റുകൾക്കകം പതിനായിരക്കണക്കിന് എൽഇ ഇക്കോ സ്മാർട്ട് ഫോണുകൾ വിറ്റ എൽഇ ടിവി ഇന്ത്യൻ മൊബൈൽ വിപണിയിൽ പിടിമുറുക്കി കഴിഞ്ഞു. സാംസങ് ഗ്യാലക്സി ജെ 5, ഷവോമിയുടെ റെഡ് മി 2 എന്നിവ എൽ ഇ 1 എസിന്റെ പ്രഭാവത്തിന് മുന്നിൽ പരാജയപ്പെടുകയും ചെയ്തു.
എൽഇ മാക്സ് (Le Max ), എൽഇ 1 എസ് (Le 1S ) എന്നീ മോഡലുകളാണ് ഫ്ലിപ്കാർട്ടിലൂടെ ഫ്ലാഷ് സെയിൽ വഴി എൽഇ ഇക്കോ ആദ്യം വിൽപ്പനയ്ക്കായെത്തിച്ചത്. ഇന്ത്യൻ മൊബൈൽ വിപണിക്ക് തീർത്തും അപരിചതമായ ഒരു ബ്രാന്റ് വിപണിയിലെത്തി മാസങ്ങൾക്കുള്ളിൽ ഇത്രയധികം വിൽപ്പന നേടിയത് മൊബൈൽ വിപണിയിലെ എന്നത്തേയും മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു. ഈ റെക്കോർഡിന് മുൻപേ മറ്റ് ചില മികച്ച നേട്ടങ്ങൾ ഇന്ത്യൻ മണ്ണിൽ നേടാൻ എൽഇ ഇക്കോയ്ക്ക് കഴിഞ്ഞു. മൂന്ന് ഫ്ലാഷ് വിൽപ്പനകളിലൂടെ 20 ലക്ഷത്തോളം രജിസ്ട്രേഷനുകൾ സാധ്യമായതും, കുറഞ്ഞ സമയത്തിനുളളിൽ കൂടുതൽ ഫോണുകൾ വിൽക്കാൻ കഴിഞ്ഞതുമാണ് രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയെയാകെ ഞെട്ടിച്ച് എൽഇ ഇക്കോ കയ്യിലൊതുക്കിയ റെക്കോർഡ് നേട്ടങ്ങൾ.
ഈയിടെ എൽഇ ഇക്കോ എൽഇ 2, എൽഇ 2 പ്രോ, എൽഇ മാക്സ് 2 എന്നീ മൂന്ന് അതിനൂതന സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചു. സാധാരണ സ്മാർട്ട് ഫോണുകളിലെ ഓഡിയോ കണക്ടിവിട്ടിയായ 3.5 എംഎം ജാക്ക് ഒഴിവാക്കി സി-ടൈപ് യുഎസ്ബി ഒഡിയോ ഇന്റർഫേസാണ് എൽഇ 2, എൽഇ 2 പ്രോ, എൽഇ മാക്സ് 2 എന്നീ പുതിയ മൂന്നു ഫോണുകളിലും എൽഇ ഇക്കോ ഉപയോഗിച്ചിരിക്കുന്നത്. പുതിയ മൂന്നു സ്മാർട്ട് ഫോണുകളും വിആർ ഹെഡ് സെറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ്. മെറ്റാലിക് രൂപകൽപ്പനയുമായി എത്തുന്ന ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ അടിസ്ഥാനമാക്കിയുള്ള ഇമോഷൻ യുഐ സ്കിന്നിലാണ് പ്രവർത്തിക്കുന്നത്.
എൽഇഡി ഫ്ലാഷോട് കൂടിയ 13 മെഗാപിക്സൽ പ്രധാന കാമറയും 5 മെഗാ പിക്സൽ മുൻക്യാമറയുമായി എത്തിയ എൽഇ 1 എസിന്റെ പ്രോസസർ 2.2 ജിഗാ ഹെട്സ് വേഗത നൽകുന്നതാണ്. 1080 X 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് സ്ക്രീനോട് കൂടിയ ഈ ഫോണിന് 3 ജിബി റാമും 32 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. ആൻഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് ഈ ഫോണിന്റെ ഒഎസ്. 3000 എംഎഎച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ് എൽഇ 1 എസിന്റേത്.
ഇന്ത്യയിൽ കൂടുതൽ സജീവമാകുന്നതിനായി പത്ത് പ്രധാന നഗരങ്ങളിൽ എക്സ്ക്ലൂസീവ് റീട്ടെയ്ൽ സ്റ്റോറുകൾ തുടങ്ങാൻ കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് എൽഇ ഇക്കോ. ന്യൂ ഡൽഹി, ബെംഗളൂരു, മുംബൈ തുടങ്ങിയ പത്ത് നഗരങ്ങളിലാണ് എൽഇ ഇക്കോ റീടെയ്ൽ സ്റ്റോറുകൾ തുടങ്ങാനുള്ള സർക്കാർ അനുമതി തേടിക്കൊണ്ട് കമ്പനി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.