ആർട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങൾക്കായുള്ള നാസ തിരെഞ്ഞെടുത്ത പത്തംഗ സംഘത്തിൽ ഇടം പിടിച്ച് ഇന്ത്യൻ വംശജനായ അനിൽ മേനോൻ. ആറ് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് പുതിയ സംഘം. നികോൾ അയേർസ്, മാർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബർനഹാം, ലൂക് ഡെലാനി, ആൻഡ്രേ ഡഗ്ലസ്, ജാക്ക് ഹാത്ത്‍വേ, ക്രിസ്റ്റിഫർ വില്യംസ്, ജെസിക്ക വിറ്റ്നർ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
12,000ത്തിലധികം അപേക്ഷകരിൽ നിന്നാണ് പത്ത് പേരെ നാസ തിരെഞ്ഞെടുത്തത്.ആർട്ടിമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ട്രനോട്ടുകളുടെ തെരഞ്ഞെടുപ്പ്. 2014ലാണ് അനിൽ മേനോൻ ഫ്ലൈറ്റ് സർജനായി നാസയ്ക്കൊപ്പം ചേരുന്നത്. പിന്നീട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘകാല സഞ്ചാരികൾക്കൊപ്പം ഡെപ്യൂട്ടി ക്രൂ സർജനായി പ്രവർത്തിച്ചു. 2018ൽ സ്പേസ് എക്സിനൊപ്പം ചേർന്ന മേനോൻ അവിടെ അഞ്ച് വിക്ഷേപണ ദൗത്യങ്ങളിൽ ലീഡ് ഫ്ലൈറ്റ് സർജനായി.