പ്രൊഫൈല്‍ ചിത്ര വിവാദം: വിശദീകരണവുമായി ഫേസ്ബുക്ക്

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (16:22 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റില്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണ വന്‍ വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്ത്. പ്രൊഫൈല്‍ മാറ്റാനുളള ആപ്ലിക്കേഷനും ഇന്റര്‍നെറ്റ്.ഓര്‍ഗ് പദ്ധതിയുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് ഫെയ്‌സ്ബുക്ക് വക്താവ് ക്രിസ് ഡാനിയേല്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതുകൂടാതെ കോഡിങ്ങ് നടത്തിയ സമയത്ത് എഞ്ചിനീയര്‍ക്ക് പറ്റിയ കൈപ്പിഴവാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്നും ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.

ഇതുകൂടാതെ നേരത്തെ പ്രൊഫൈൽ പിക്ചർ ടൂളിന്റെ  സോഴ്സ് കോഡില്‍ നല്‍കിയിരുന്ന internetOrgProfilePicture-PrideAvatar എന്നത് മാറ്റി digitalIndiaProfilePicture__prideAvatar എന്നാക്കി മാറ്റിയാണ് ഫെയ്സ്ബുക്ക് വിവാദത്തിൽ നിന്നു തടിയൂരിയത്. ഇത് പഴയ കോഡുകൾ കോപി–പെയ്സ്റ്റ് ചെയ്തപ്പോൾ സംഭവിച്ച പിഴവാണിതെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെയുള്ള കോഡിങ്ങിൽ മാറ്റം വരുത്തിയപ്പോൾ internetOrg മാറ്റാൻ മറന്നുപോയി.

ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് മോഡി എത്തുന്നതിന് ഏതാനും മിനിറ്റ് മുന്‍പാണ് സുക്കര്‍ബര്‍ഗ് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. തുടര്‍ന്ന് നിരവധി പേര്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് തങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റി. എന്നല്‍ പദ്ധതി നെറ്റ്‌ന്യൂട്രാലിറ്റി തകര്‍ക്കുന്നതിനുള്ള ശ്രമമാണിതെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സംഭവം വിവാദമാകുകയായിരുന്നു.

 ചില പ്രത്യേക വെബ്‌സൈറ്റുകളിലേയ്ക്ക് മാത്രം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ചുരുക്കുന്ന ഇന്റര്‍നെറ്റ് ഓര്‍ഗ് എന്ന പദ്ധതിക്കെതിരെ നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ മറിക്കടക്കുന്നതിനും വിവാദ പദ്ധതിയുടെ പുതിയ രൂപമായ ഫ്രീ ബേസികിനെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യമെന്ന് വിമര്‍ശനമുണ്ടായി. ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം.


വെബ്ദുനിയ വായിക്കുക