മരണശേഷം രക്തം പുറപ്പെടുവിക്കുന്ന ശരീരം! മൃതദേഹത്തില്‍ സംഭവിക്കുന്നതെന്തൊക്കെ?

വെള്ളി, 5 ഓഗസ്റ്റ് 2016 (15:18 IST)
മരണത്തിന് ശേഷം ശരീരത്തിന് എന്തുസംഭവിക്കുന്നുവെന്ന് പലരുടെയും ചോദ്യമാണ്. മരണശേഷം ശരീരത്തില്‍ നിന്നും രക്തം ഒഴുകുമോ എന്നതിനും കൃത്യമായി മറുപടി പറയാന്‍ പലര്‍ക്കും സാധിക്കാറില്ല. മരണശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൂക്കിലും ചെവിയിലും പഞ്ഞി വയ്ക്കുന്നത് എന്തിനാണെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇനി പറയുന്നത്.

സാധാരണ മുറിവുകളൊന്നുമില്ലാതെയുള്ള മരണം സംഭവിച്ചാലും മൃതദേഹത്തില്‍ നിന്നും രക്തം പുറത്തേക്ക് വരും. പക്ഷെ മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണെന്ന് മാത്രം. 
 
മരണം സംഭവിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരം ജീര്‍ണിക്കാന്‍ തുടങ്ങും. ശരീരത്തിന്റെ താപനില ഒരു മണിക്കൂറില്‍ 1.5 ഡിഗ്രി ഫാരന്‍ ഹീറ്റിലെത്തുകയും അന്തരീക്ഷ താപനിലയ്ക്ക് സമമാവുകയും ചെയ്യും. ഉടന്‍ രക്തം ആസിഡ് മയമാകും. ഇത് കോശങ്ങള്‍ വിഭജിക്കപ്പെടാനും കോശത്തിലെ എന്‍സൈം ഇല്ലാതാക്കാനും കാരണമാകും.

മരിച്ച് മൂന്ന് മണിക്കൂര്‍ കഴിയുന്നതോടെ ശരീരം മരവിച്ച് കട്ടിയാകും. 12 മണിക്കൂര്‍ കഴിയുന്നതോടെ ശരീരം കഠിനമാകും. 48 മണിക്കൂര്‍ കഴിയുന്നതോടെ ശരീരം ജീര്‍ണിക്കാനും തുടങ്ങും. ഇതോടെ ശരീരത്തില്‍ നിന്നും പല ശ്രവങ്ങളും പുറത്തേക്ക് വരാന്‍ തുടങ്ങും. ഇതിനാലാണ് മൂക്കിലും ചെവിയിലുമെല്ലാം പഞ്ഞി തിരുകുന്നത്. 
 
മരിച്ച് തൊട്ടുത്ത നിമിഷം മുതല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നു. തുടര്‍ന്ന് നാഡി ഞരമ്പുകളും പ്രവര്‍ത്തനം നിര്‍ത്തുന്നു. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ വിതരണവും തലച്ചോര്‍ അവസാനിപ്പിക്കുന്നു.

ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന സംഭരിച്ച് വച്ചിട്ടുള്ള എടിപി മുഴുവന്‍ ഉപയോഗിച്ച് തീര്‍ക്കുന്നു. പേശികള്‍ വിശ്രമത്തിലേക്ക് നീങ്ങുന്നു. മലമൂത്രനാളങ്ങളെല്ലാം നിയമന്ത്രണമില്ലാതാകുന്നു. രക്തയോട്ടം കുറയുന്നതോടെ മൃതദേഹങ്ങള്‍ വിളറുന്നു. മരിച്ച് പതിനഞ്ച് ഇരുപത് മിനിറ്റിനുള്ളിലാണ് ഇത് സംഭവിക്കുന്നത്. 
 
മരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയം രക്തം പമ്പ് ചെയ്യുന്നത് അവസാനിപ്പിക്കും. രക്തം ശരീരത്തിന്റെ ഏറ്റവും താഴേക്ക് വന്ന് കട്ടപിടിക്കും. പിന്നീട് ശരീരം രക്ത വര്‍ണമാകും. പന്ത്രണ്ട് മണിക്കൂറിന് ശേഷം ശരീരം പൂര്‍ണമായും നിറമില്ലാതെയാകും.

ശരീരം 24 മണിക്കൂറിനകം വളരെയേറെ മരവിക്കും. തുടര്‍ന്ന് ശരീരം ജീര്‍ണിക്കാന്‍ തുടങ്ങും. ആവശ്യത്തിന് രക്തപ്രവാഹമില്ലാത്തതിനാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വര്‍ദ്ധിക്കും. കോശങ്ങളിലെ പിഎച്ച് ഉയരും. ഇതിന് 100 ട്രില്യണ്‍ സൂക്ഷ്മാണുക്കളുടെയും സഹായമുണ്ടാകും. വയറിനുള്ളിലെ ബാക്ടീരിയകള്‍ ആന്തരാവയവങ്ങളെ കാര്‍ന്ന് തിന്നാന്‍ തുടങ്ങും.

ശരീരത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ സ്രവങ്ങളും വാതകങ്ങളും പുറപ്പെടുവിക്കും. ഇതുപത് അമ്പത് ദിവസം കൊണ്ട് ശരീരം ഫംഗസുകളും പ്രോട്ടോസോവകളുടെയും മറ്റും ആവാസ കേന്ദ്രമാകും. പിന്നെയും മാസങ്ങളെടുത്താണ് ശരീരം പൂര്‍ണമായും ദ്രവിക്കുക. അസ്ഥികള്‍ ദ്രവിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും.

വെബ്ദുനിയ വായിക്കുക