MS Dhoni: ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത് നോക്കി ഇരിക്കേണ്ട, തല ക്രീസിലെത്തുക ഇങ്ങനെ സംഭവിച്ചാല്‍ മാത്രം !

രേണുക വേണു

ബുധന്‍, 27 മാര്‍ച്ച് 2024 (13:30 IST)
MS Dhoni CSK

MS Dhoni: ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ നിലവാരം പുലര്‍ത്തുന്ന സ്‌ക്വാഡാണ് ഇത്തവണ ചെന്നൈയുടേത്. മാത്രമല്ല ചെന്നൈയുടെ 'തല' മഹേന്ദ്രസിങ് ധോണിയുടെ സാന്നിധ്യവും ആരാധകരില്‍ ആവേശം നിറയ്ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് കളികളിലും ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തത് ആരാധകരെ ചെറിയ തോതില്‍ വിഷമിപ്പിച്ചിട്ടുണ്ട്. ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുന്നത് കാത്തിരിക്കുന്ന ആരാധകര്‍ ഇനിയും നിരാശപ്പെടേണ്ടി വരുമെന്നാണ് ചെന്നൈ മാനേജ്‌മെന്റ് നല്‍കുന്ന സൂചന. 
 
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ആദ്യ മത്സരത്തില്‍ ചെന്നൈയുടെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. ധോണിക്ക് മുന്‍പ് ആറാമനായി രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യാനെത്തി. സമീര്‍ റിസ്വിക്കും ശേഷം എട്ടാമനായാണ് ധോണി ഇറങ്ങേണ്ടിയിരുന്നത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് ആറാം വിക്കറ്റ് നഷ്ടമായത്. ധോണിക്ക് മുന്‍പ് സമീര്‍ റിസ്വി എഴാമനായി ക്രീസിലെത്തിയിരുന്നു. അതുകൊണ്ട് എട്ടാമനായ ധോണിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. 
 
എട്ടാം നമ്പറില്‍ തന്നെയായിരിക്കും ഇനിയുള്ള മത്സരങ്ങളിലും ധോണി ബാറ്റ് ചെയ്യാന്‍ എത്തുക. അതായത് ചെന്നൈയുടെ ആറ് വിക്കറ്റുകള്‍ നഷ്ടമായാല്‍ മാത്രമേ ധോണി ക്രീസിലെത്തൂ. ഇംപാക്ട് പ്ലെയര്‍ റൂള്‍ ഉള്ളതിനാല്‍ മിക്ക കളികളിലും ഒരു ബാറ്റര്‍ അധികം കയറാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് ധോണി എട്ടാം നമ്പറിലേക്ക് പോകുന്നത്. മാത്രമല്ല രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി എന്നിവരെ തന്നേക്കാള്‍ മുന്‍പ് ബാറ്റിങ്ങിന് അയക്കണമെന്നത് ധോണിയുടെ താല്‍പര്യം കൂടിയാണ്. ബാറ്റിങ്ങില്‍ സ്വയം താഴേക്ക് ഇറങ്ങാന്‍ ധോണി സന്നദ്ധനായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍