ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 19.4 ഓവറിൽ 127 നു ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ വൈഭവ് സൂര്യവൻശിയും (17 പന്തിൽ 52), യശസ്വി ജയ്‌സ്വാൾ (36 പന്തിൽ പുറത്താകാതെ 38) എന്നിവർ രാജസ്ഥാനു അനായാസ ജയം സമ്മാനിച്ചു. ധ്രുവ് ജുറൽ (ഒൻപത് പന്തിൽ 18), നായകൻ റിയാൻ പരാഗ് (11 പന്തിൽ പുറത്താകാതെ 14) എന്നിവരും രാജസ്ഥാനായി ക്രീസിലെത്തി.
അഞ്ച് സിക്‌സും നാല് ഫോറും സഹിതമാണ് 15 പന്തിൽ വൈഭവ് അർധ സെഞ്ചുറി തികച്ചത്. ഐപിഎല്ലിലെ വേഗമേറിയ മൂന്നാമത്തെ അർധ സെഞ്ചുറിയാണിത്. പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ മാറ്റിവെച്ചാണ് സൂര്യവൻശി ഇത്തവണ ഐപിഎൽ പരിശീലനത്തിനെത്തിയത്. ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം പരീക്ഷ എഴുതാതിരുന്നത്. എന്തായാലും പരീക്ഷ കളഞ്ഞുള്ള 'പരീക്ഷണം' ജയം കണ്ടെന്നാണ് താരത്തിന്റെ പ്രകടനത്തിൽ നിന്ന് വ്യക്തമാകുന്നത്.
ബാറ്റിങ്ങിൽ ചെന്നൈയെ വരിഞ്ഞുമുറുക്കാൻ രാജസ്ഥാൻ ബൗളർമാർക്കു സാധിച്ചു. ആർച്ചർ, ബർഗർ, ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. ബ്രിജേഷ് ശർമ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ് എന്നിവർക്കു ഓരോ വിക്കറ്റ്.