Suryakumar Yadav: എ ബി ഡിയുടെ റെക്കോർഡ് തന്നെ തകർത്തോ ?, എങ്കിൽ അത് സൂര്യ തന്നെയാകണം, മറ്റാർക്കും സാധിക്കില്ല

അഭിറാം മനോഹർ

തിങ്കള്‍, 2 ജൂണ്‍ 2025 (12:42 IST)
Suryakumar Yadav breaks AB Devilliers record
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തന്നെ പുതിയ അദ്ധ്യായം കുറിച്ച് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. ഐപിഎല്ലിന്റെ 18 വര്‍ഷകാലം നീണ്ട ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടുന്ന നോണ്‍ ഓപ്പണര്‍ എന്ന നേട്ടവും ഒരു സീസണില്‍ ആദ്യമായി 700 റണ്‍സ് പിന്നിടുന്ന നോണ്‍ ഓപ്പണര്‍ താരവുമെന്ന റെക്കോര്‍ഡുകളാണ് താരം നേടിയത്. ഐപിഎല്‍ 2016 സീസണില്‍ 687 റണ്‍സ് നേടിയ ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ താരമായ എ ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്.
 
സീസണിലെ എല്ലാ മത്സരങ്ങളിലും 25 റണ്‍സിന് മുകളില്‍ സ്വന്തമാക്കിയ സൂര്യകുമാര്‍ ഇത്തവണ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള താരമാണ്. 2025 സീസണില്‍ 29,48,27*,67,28,40,26,68*,40*,54,48*,35,73*,57,33,44 എന്നിങ്ങനെയാണ് സൂര്യകുമാര്‍ യാദവിന്റെ സ്‌കോറുകള്‍. ഇന്നലെ പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തില്‍ 26 പന്തുകളില്‍ 44 റണ്‍സുമായും താരം തിളങ്ങിയിരുന്നു. ഈ ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സൂര്യയുള്ളത്. 759 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയതെങ്കില്‍ 717 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്.
 
 സീസണിലെ ആദ്യ 5 കളികളില്‍ നാലിലും തോറ്റിട്ടും മുംബൈ ക്വാളിഫയര്‍ വരെ എത്തുന്നതില്‍ പ്രധാനകാരണമായത് സൂര്യകുമാര്‍ യാദവിന്റെ മിന്നുന്ന ഫോമായിരുന്നു. ബൗളിങ്ങില്‍ ബുമ്രയെന്ന അസാമാന്യ താരത്തിന്റെ പ്രകടനങ്ങളും മുംബൈയുടെ വിജയങ്ങളില്‍ നിര്‍ണായകമായി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍