IPL Records: 2016ലെ ഐപിഎൽ സീസണിൽ കോലി അടിച്ചെടുത്തത് 973 റൺസ്, 900ത്തിന് അടുത്തെങ്കിലും എത്തിയത് ബട്ട്‌ലറും ഗില്ലും മാത്രം

അഭിറാം മനോഹർ

വ്യാഴം, 21 മാര്‍ച്ച് 2024 (19:32 IST)
Virat kohli,Gill,Jos butler
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ലീഗായാണ് ഐപിഎല്ലിനെ വിശേഷിപ്പിക്കുന്നത്. പണക്കൊഴുപ്പ് കൊണ്ട് മാത്രമല്ല ആവേശകരമായ മത്സരങ്ങള്‍ കൂടി ഉള്ളതിനാലാണ് ഐപിഎല്ലിന് ലോകമെങ്ങും ആരാധകരുള്ളത്. 16 സീസണുകള്‍ ഇതുവരെ പിന്നിടുമ്പോള്‍ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ പേരിലാണ്. 2016ലെ ഐപിഎല്‍ സീസണില്‍ 973 റണ്‍സാണ് കോലി അടിച്ചെടുത്തത്. 4 സെഞ്ചുറികളും 7 അര്‍ധസെഞ്ചുറികളും സഹിതമായിരുന്നു കോലിയുടെ ഈ നേട്ടം. ഐപിഎല്ലില്‍ പല താരങ്ങളും സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ട്‌ലര്‍ക്കും ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലിനും മാത്രമാണ് 900 റണ്‍സിന് അടുത്തെങ്കിലും ഒരു സീസണില്‍ എത്താന്‍ സാധിച്ചിട്ടുള്ളത്.
 
2023 ഐപിഎല്‍ സീസണില്‍ 890 റണ്‍സുമായി തിളങ്ങിയ ശുഭ്മാന്‍ ഗില്ലാണ് ഈ ലിസ്റ്റില്‍ കോലിയ്ക് പിന്നിലുള്ളത്. 2023 സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 59.33 റണ്‍സ് ശരാശരിയിലാണ് താരം ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. 3 സെഞ്ചുറികളും 4 അര്‍ധസെഞ്ചുറികളും ഈ സീസണില്‍ താരം അടിച്ചുകൂട്ടിയെങ്കിലും കോലിയെ പോലെ ഫൈനലില്‍ വിജയത്തിലെത്തിക്കാന്‍ ഗില്ലിനായില്ല. സമാനമായ അനുഭവമാണ് ലിസ്റ്റില്‍ മൂന്നാമതുള്ള രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ക്കും സംഭവിച്ചത്. 2022 ഐപിഎല്‍ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 863 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. സീസണില്‍ 4 സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും താരം സ്വന്തമാക്കി. എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാനെ വിജയത്തിലെത്തിക്കാന്‍ ബട്ട്‌ലര്‍ക്ക് സാധിച്ചില്ല,
 
ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ താരങ്ങളില്‍ മറ്റാര്‍ക്കും തന്നെ 800 റണ്‍സ് പോലും കടക്കാന്‍ സാധിച്ചിട്ടില്ല. 2018 സീസണില്‍ 735 റണ്‍സുമായി തിളങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ കെയ്ന്‍ വില്യംസണാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്തുള്ളത്. 2012 സീസണില്‍ ആര്‍സിബിക്കായി 733 റണ്‍സ് നേടിയ വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയ്‌ലും 2013 സീസണില്‍ ചെന്നൈയ്ക്കായി 733 റണ്‍സ് നേടിയ മൈക്ക് ഹസിയുമാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുള്ളത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍