കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരബാദ്; എഴുതി തള്ളാറായിട്ടില്ല, വേണമെങ്കില്‍ പ്ലേ ഓഫില്‍ കയറാം !

ചൊവ്വ, 17 മെയ് 2022 (10:26 IST)
ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ നേരിയ സാധ്യതയുള്ള മൂന്ന് ടീമുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നിവര്‍. നിലവില്‍ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലാണ് ഈ ടീമുകള്‍. 
 
13 കളികളില്‍ ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റോടെ ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. ബുധനാഴ്ച ലഖ്‌നൗവിനെതിരെയാണ് കൊല്‍ക്കത്തയുടെ അവസാന മത്സരം. ഈ കളി ജയിച്ചാലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ മറ്റ് ടീമുകളെ ആശ്രയിക്കണം. ഡല്‍ഹിയും ആര്‍സിബിയും ഇനിയുള്ള കളികള്‍ ജയിക്കാതിരിക്കുകയും കൊല്‍ക്കത്ത ലഖ്‌നൗവിനെതിരെ വമ്പന്‍ മാര്‍ജിനില്‍ ജയിക്കുകയും വേണം. എങ്കില്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കൂ. 
 
13 കളികളില്‍ ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റോടെ ഏഴാം സ്ഥാനത്താണ് പഞ്ചാബ്. പ്ലേ ഓഫ് സാധ്യത വളരെ വിദൂരത്തിലാണ് പഞ്ചാബിന്. കാരണം നെറ്റ് റണ്‍റേറ്റ് നെഗറ്റീവാണ്. ഞായറാഴ്ച ഹൈദരബാദിനെതിരെയാണ് പഞ്ചാബിന്റെ അവസാന കളി. ഈ കളി വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം പോരാ പഞ്ചാബിന് മറിച്ച് ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവര്‍ അടുത്ത കളികളില്‍ തോല്‍ക്കുകയും വേണം. അതുകൊണ്ട് പഞ്ചാബിന്റെ സാധ്യത ഏറെക്കുറെ അസ്തമിച്ചു. 
 
ഹൈദരബാദിന് പഞ്ചാബിനേക്കാള്‍ സാധ്യത കൂടുതലാണ്. കാരണം ഹൈദരബാദിന് രണ്ട് കളികള്‍ ശേഷിക്കുന്നുണ്ട്. 12 കളികളില്‍ അഞ്ച് ജയവും ഏഴ് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഹൈദരബാദ്. അടുത്ത രണ്ട് കളി കൂടി ജയിച്ചാല്‍ ഹൈദരബാദിന് 14 പോയിന്റാകും. പക്ഷേ നെറ്റ് റണ്‍റേറ്റ് ഹൈദരബാദിന് നെഗറ്റീവാണ്. മറ്റ് ടീമുകളുടെ പ്രകടനം കൂടി ഹൈദരബാദിന്റെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍