ഹിറ്റ്‌മാന്റെ മടങ്ങിവരവ്; ആരാധകര്‍ക്ക് ശുഭവാര്‍ത്തയുമായി മുംബൈ ഇന്ത്യന്‍സ്
വെള്ളി, 12 ഏപ്രില്‍ 2019 (19:58 IST)
രാജസ്ഥാന്‍ റോയല്‍സിനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മ കളിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍.
അടുത്ത മത്സരത്തില്‍ രോഹിത് പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകും. അദ്ദേഹത്തിന് കളിക്കാന്‍ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. പ്ലെയിംഗ് ഇലവനില്‍ ആരൊക്കെ വേണമെന്ന പട്ടികയില്‍ രോഹിത് ഉണ്ടെന്നും സഹീര്‍ പറഞ്ഞു.
വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് വെള്ളിയാഴ്‌ച പരിശീലനം നടത്തിയിരുന്നു. നല്ല ആത്മ വിശ്വാസത്തിലാണ് അദ്ദേഹമുള്ളത്. ഈ സാഹചര്യം ടീമിന് ശുഭ സൂചനയാണ് നല്‍കുന്നതെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്‌ച രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.
ചൊവ്വാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന് പരുക്കേറ്റത്. പരുക്ക് അവഗണിച്ച് പരിശീലനം തുടര്‍ന്നെങ്കിലും വേദന ശക്തമായതോടെ താരം ഗ്രൌണ്ടില്‍ തളര്‍ന്നിരുന്നു. ടീം ഫിസിയോ നിതിന്‍ പട്ടേല്‍ എത്തി പരിശോധന നടത്തുകയും തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.