IPL 10: ഗംഭീറിന്റെ വെടിക്കെട്ട് വാര്‍ണര്‍ക്ക് തിരിച്ചടിയായി; മഴ കളിച്ചപ്പോള്‍ കൊൽക്കത്ത ഹൈദരാബാദിനെ വീഴ്ത്തി

വ്യാഴം, 18 മെയ് 2017 (09:29 IST)
നിലവിലെ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പത്താം സീസണിൽ ഫൈനൽ പ്രതീക്ഷ കാത്തു. ഏഴു വിക്കറ്റിനാണ് കോൽക്കത്തയുടെ വിജയം. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ കോൽക്കത്ത നേരിടും.

മഴമൂലം ഡക്ക്‌വർത്ത് ലൂയിസ് നിയമം ഉപയോഗിച്ച മൽസരത്തിൽ ഏഴു വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സ് എടുത്തു. എന്നാല്‍, മഴ തുടർന്നതിനാൽ മത്സരം ആറോവറിലേക്കു വെട്ടിച്ചുരുക്കി കൊല്‍ക്കത്തയ്‌ക്ക് വിജയലക്ഷ്യം 48 ആയി പുനർനിർണയിച്ചു.

ഓപ്പണർ ക്രിസ് ലിൻ (രണ്ടു പന്തിൽ ആറ്), യൂസഫ് പത്താൻ (0), റോബിൻ ഉത്തപ്പ (രണ്ടു പന്തിൽ ഒന്ന്) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ 19 പന്തിൽ 32 റണ്‍സെടുത്ത ഗൗതം ഗംഭീറിന്‍റെ ബാറ്റിംഗ് കോൽക്കത്തയെ വിജയത്തിലേക്കു നയിച്ചു.  5.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലായിരുന്നു കൊൽക്കത്തയുടെ ജയം.  

നേരത്തേ, ടോസ് നേടിയ കൊൽക്കത്ത ഹൈദരാബാദിനെ ബാറ്റിംഗിനു വിടുകയായിരുന്നു. 37 റണ്‍സെടുത്ത ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറാണ് ടോപ് സ്കോറർ. ധവാന്‍ (11), വില്യംസണ്‍ (24), യുവരാജ് സിംഗ് (9), വിജയ് ശങ്കർ (22) , നമാൻ ഓജ (16) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

വെബ്ദുനിയ വായിക്കുക