യമന്‍ സംഘര്‍ഷം, 700 ഇന്ത്യാക്കാര്‍ ഇന്നെത്തും യാത്രക്കാരുമായി വിമാനം പുറപ്പെട്ടു

വെള്ളി, 3 ഏപ്രില്‍ 2015 (16:20 IST)
ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യെമനിലെ സനായില്‍ നിന്നും വിമാനമാര്‍ഗം രക്ഷപ്പെടുന്ന ഇന്ത്യക്കാരുടെ ആദ്യസംഘം നാട്ടിലേക്കു മടങ്ങി. 740 പേരാണ് രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് സനായിലിറങ്ങാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമമാര്‍ഗം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 400 പേരെ മുംബൈ ഛത്രപതി വിമാനതാവളത്തിലും 340 പേരെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലുമാണ് എത്തിക്കുക.

മസ്ക്കറ്റിലുള്ള എയര്‍ ഇന്ത്യാവിമാനങ്ങള്‍ ഉപയോഗിച്ചാണ് സനായിലുള്ള ഇന്ത്യക്കാരുടെ ആദ്യസംഘത്തെ ഇന്ന് നാട്ടിലെത്തിക്കുന്നത്. 2500 പേരാണ് മടക്കയാത്രയ്ക്ക് സന്നദ്ധരായി സനായില്‍ കാത്തുനില്‍ക്കുന്നത്. ഇതില്‍ ആദ്യ സംഘമമാണ് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനത്തിലാണ് കൂടുതല്‍ മലയാളികളുള്ളത്. ഇവര്‍ക്ക് ബോര്‍ഡിങ് പാസ് ലഭിച്ചു. വിമാനം ഉടന്‍ പുറപ്പെടും. അല്‍ ഹുദേദ തുറമുഖം വഴി നേരത്തെ 300 പേരെ അയല്‍ രാജ്യമായ ജിബൂട്ടിയിലെത്തിച്ചിരുന്നു.

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട രണ്ടു കപ്പലുകളുള്‍പ്പെടെ ഇന്ത്യയുടെ നാല് കപ്പലുകള്‍ ഇന്ന് അര്‍ധരാത്രിയോടെ യെമനിലെത്തും. ആദ്യ എയര്‍ ഇന്ത്യ വിമാനം സനയില്‍ നിന്നും പുറപ്പെട്ടെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദീന്‍ ട്വിറ്ററില്‍ അറിയിച്ചു. ജിദ്ദ വഴിയും മുപ്പത്തിയഞ്ചിലധികം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. യെമനില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. അതേസമയം, മലയാളികള്‍ ഏറെയുള്ള അല്‍ മുക്കാലയില്‍ അല്‍ ഖായിദയുടെ ബോംബാക്രമണം ശക്തമായി തുടരുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക