പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വനിത എം പിയെ അപമാനിച്ചു; എംപിയെ ചേംബറിലേക്ക് വിളിപ്പിച്ച മന്ത്രി ലൈംഗികവിമര്‍ശനം നടത്തി

ബുധന്‍, 25 ജനുവരി 2017 (18:12 IST)
പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വനിത എം പിയെ അപമാനിച്ചു. സിന്ധ് പ്രവിശ്യയിലെ എം പി നുസ്‌റത്ത് സഹര്‍ അബ്ബാസ് ആണ് അപമാനിക്കപ്പെട്ടത്. ഇതേ പ്രവിശ്യയില്‍ നിന്നു തന്നെയുള്ള സാമാജികനും മന്ത്രിയുമായ ഇംദാദ് പിതാഫിയാണ് അദ്ദേഹത്തിന്റെ ചേംബറിലേക്ക് വിളിപ്പിച്ച് എം പിയെ അപമാനിച്ചത്.
 
സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ളാ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് എം പിയെ അപമാനിച്ചത്. എം പിയോട് കയര്‍ത്തു സംസാരിച്ച മന്ത്രി ലൈംഗികവിമര്‍ശനം നടത്തുകയും ചെയ്തു. എന്നാല്‍, സംഭവം നടക്കുന്ന സഭയില്‍ ഉണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എം പി പിന്നീട് ആരോപിച്ചു.
 
അതേസമയം, സംഭവത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് സഹര്‍ അബ്ബാസ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കി. പെട്രോള്‍ കുപ്പി പിടിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ഭീഷണി. ഇതിനെ തുടര്‍ന്ന് ഭരണകക്ഷി പാര്‍ട്ടി നേതാക്കള്‍ ഇടപെടുകയും മന്ത്രി സഭയില്‍ വെച്ചു തന്നെ മാപ്പു പറയുമെന്ന് ഇവര്‍ക്ക് ഉറപ്പു നല്കുകയും ചെയ്തു. ഇതോടെ സംഭവം അവസാനിച്ചെന്ന് സഹര്‍ അബ്ബാസി പറഞ്ഞു.

വെബ്ദുനിയ വായിക്കുക