നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്‌ചയില്‍ വാഷിംഗ്‌ടണ്‍; എട്ട് മരണം
ശനി, 23 ജനുവരി 2016 (10:40 IST)
നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്‌ചയില്‍ അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിൽ ജനജീവിതം താറുമാറായി. അതിശൈത്യവും കനത്ത മഞ്ഞ് വീഴ്‌ചയും രൂക്ഷമായതോടെ റോഡുകളും പ്രധാന തെരുവുകളും സ്‌തംഭിപ്പിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് റോഡുകളില്‍ കുടുങ്ങിക്കിടക്കുന്നത്. റോഡ് അപകടങ്ങളില്‍ എട്ട് പേര്‍ മരിച്ചു. മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് വിവിധ സംസ്‌ഥാനങ്ങില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസങ്ങളായി തുടരുന്ന രൂക്ഷമായ മഞ്ഞ് വീഴ്‌ചയില്‍ മേരിലാന്റ്, വിർജിനിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ദുരിതമുണ്ടായത്.
മിക്കയിടത്തും തന്നെ ബസ്, റെയിൽ സർവീസുകൾ നിലച്ച അവസ്ഥയാണ്. പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വിമാനസർവീസുകൾ പലതും റദ്ദാക്കി. 29,000ത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. കടകളും റെസ്‌റ്റോറന്റുകളും അടഞ്ഞു കിടക്കുകയാണ്.
ചുരുക്കം ചില കടകളും ഗാസ് സ്റ്റേഷനുകളും ചില ബാറുകളും മാത്രമാണ് തുറന്നിരിയ്ക്കുന്നത്. നൂറ് കണക്കിന് പൊലീസും ജീവനക്കാരുമാണ് റോഡുകളില്‍ നിന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രംഗത്തുള്ളത്. പലയിടങ്ങളിലും രണ്ടടിയോളം മഞ്ഞ് നീക്കം ചെയ്‌തു കഴിഞ്ഞു. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. അതേസമയം, സാധനങ്ങൾ സംഭരിച്ച് വയ്ക്കാനും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും അധികൃതര്‍ ജനങ്ങൾക്ക് നിർദ്ദേശം നൽകി.