റഷ്യന്‍ വിമാനമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വെടിവെക്കില്ലായിരുന്നു: തുർക്കി

വെള്ളി, 27 നവം‌ബര്‍ 2015 (11:32 IST)
സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങവെ പുതിയ പ്രസ്‌താവനയുമായി തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗന്‍ രംഗത്ത്. റഷ്യൻ വിമാനമാണ് തുർക്കിക്ക് മേൽ പറന്നതെന്ന് അറിഞ്ഞിരുന്നുവെങ്കിൽ വെടിയുതിര്‍ക്കില്ലായിരുന്നു. ഈ സംഭവത്തിന് ശേഷം പല പ്രവശ്യം താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ പുട്ടിൻ തന്നോട് സംസാരിക്കാനോ ചർച്ച നടത്താനോ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസ് 24 എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുര്‍ക്കി പ്രസിഡന്റ് ഇത്തരമൊരു പ്രസ്താവനയിറക്കിയത്.

മുന്നറിയിപ്പ് അവഗണിച്ച് വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചതുകൊണ്ടാണ് റഷ്യയുടെ സു-24 യുദ്ധവിമാനത്തെ വെടിവച്ചിട്ടതെന്ന് തുർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ,​ അതിർത്തി ലംഘിച്ചിട്ടില്ലെന്നും മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നും തകർന്ന വിമാനത്തിൽ നിന്നും രക്ഷപ്പെട്ട പൈലറ്റ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി.

അതേസമയം, സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുകയാണ്. തുർക്കിയ്ക്കെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് വ്യക്തമാക്കി. തുർക്കിയുടെ നടപടി 'രാജ്യത്തിനു നേരെയുളള ആക്രമണ'മാണെന്ന് മെദ്വേദേവ് പ്രതികരിച്ചു.  വിമാനം വെടിവെച്ചിട്ടതിൽ മാപ്പ് പറയണമെന്ന ആവശ്യം തുർക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യൻ നടപടി.

ഉപരോധത്തിന്‍റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.

തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യൻ അധികൃതർ, പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് നിർദേശം നൽകുകയും ചെയ്തു. തുർക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങൾ അവസാനിപ്പിക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഉപരോധം പ്രാബല്യത്തിൽ വരുന്നത് തുർക്കി സമ്പദ് വ്യവസ്ഥക്കാണ് കനത്ത തിരിച്ചടിയാകുന്നത്. റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യം തുർക്കിയാണ്.

കയറ്റുമതിയിൽ തുർക്കിയുടെ പ്രധാന പങ്കാളിയാണ് റഷ്യ. അടുത്ത എട്ടു വർഷത്തിനുളളിൽ ഇരു രാജ്യങ്ങൾ തമ്മിലുളള വ്യാപാരം പതിനായിരം കോടി ഡോളറായി വർദ്ധിപ്പിക്കാൻ അടുത്തിടെ തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗനും പുടിനും തമ്മിലുളള കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.

വെബ്ദുനിയ വായിക്കുക