വിയറ്റ്നാമിൽ ഇരട്ടകുട്ടികൾക്ക് ഇരട്ട അച്ഛന്‍മാര്‍

ചൊവ്വ, 8 മാര്‍ച്ച് 2016 (17:15 IST)
രണ്ടു പുരുഷന്മാർക്ക് ഒരേ സ്ത്രീയിൽ ഇരട്ടക്കുട്ടികൾ. വിയറ്റ്നാമിലെ ഹിനോയിലാണ് ഇരട്ടക്കുട്ടികൾക്ക് ഇരട്ട അച്ഛന്‍മാരാണെന്ന് കണ്ടുപിടിച്ചത്. ഹിനോയിലെ ഒരു ജനിതക ഗവേഷണ കേന്ദ്രത്തിൽ നടന്ന പരിശോധനയിലാണ് വിവരം സ്ഥിരീകരിച്ചത്.
 
ഇരട്ടക്കുട്ടികൾ തമ്മിൽ സാമ്യമില്ലാത്തതിനാൽ കുടുംബത്തിന്റെ ആവശ്യപ്രകാരം ദമ്പതികൾ കുട്ടികളെ ജനിതക പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധനാഫലം പുറത്ത് വന്നതോടെ ഇരുവീട്ടുകാരും സംഗതി തിരിച്ചറിയാൻ കഴിയാതെ ഇരിക്കുകയാണ്. വിയറ്റ്നാമിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
 
സമാനമായ സംഭവം മുൻപ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ പിതാവ് രണ്ടു പേരാണെന്ന് കണ്ടെത്തിയതിനെതുടർന്ന് വിവാഹമോചനം നേടുകയായിരുന്നു ന്യൂജേഴ്സിക്കാരനായ യുവാവ്. ഇരട്ടകളിൽ സ്വന്തം കുട്ടിക്ക് മാത്രം ജീവനാംശം നൽകിയാൽ മതിയെന്ന് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഇരട്ടക്കുട്ടികളിൽ രണ്ടാമത്തെ കുട്ടി യുവാവിന്റെ അല്ലാത്തതിനാൽ ആ കുട്ടിക്ക് ജീവനാംശം നൽകേണ്ടതില്ലെന്നും കോടതി വിശദീകരിച്ചു. കുട്ടികൾ തമ്മിൽ സാദൃശ്യമില്ലാത്തതിനെ തുടർന്നായിരുന്നു അവരും ജനിതക പരിശോധനയ്ക്ക് വിധേയമായത്.
 
സ്ത്രീകളില്‍ അണ്ഡത്തിന് 12 മുതല്‍ 48 മണിക്കൂര്‍ വരെ മാത്രമേ ജീവിക്കാന്‍ കഴിയൂ. പുരുഷ ബീജത്തിന് പത്തു ദിവസവും. അതായത് രണ്ടാഴ്ച്ചക്കുള്ളില്‍ രണ്ട് അണ്ഡങ്ങളുമായി രണ്ട് ബീജങ്ങള്‍ക്ക് സംയോജനം സാധ്യമാണ്. ഈ ഒരു സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഇരട്ടക്കുട്ടികൾ ജനിക്കാൻ സാധ്യതയെന്നും ഗവേഷണങ്ങ‌ൾ തെളിയിക്കുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക