ഹൂസ്റ്റണില്‍ വെടിവെപ്പ്: രണ്ട് മലയാളികള്‍ മരിച്ചു

വ്യാഴം, 23 ഒക്‌ടോബര്‍ 2014 (12:18 IST)
അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെടിവയ്പില്‍ മലയാളികളായ യുവാവും യുവതിയും മരിച്ചു. ബെന്‍ തൗബ് ജനറല്‍ ആശുപത്രിയിലാണ് വെടിവയ്പുണ്ടായത്. ഒരു ഫാര്‍മസിസ്റ്റും ഫാര്‍മസി ടെക്‌നീഷ്യനുമാണ് മരിച്ചത്. എന്നാല്‍ ഇവരുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. 
 
യുവതിയെ വെടിവച്ച ശേഷം യുവാവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശിക സമയം ബുധനാഴ്ച 1.25 ഓടെയായിരുന്നു സംഭവമെന്ന് ഹൂസ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കാനന്‍ അറിയിച്ചു.
 
ആശുപത്രിയിലെ ഫാര്‍മസിയിലാണ് വെടിവയ്പ് നടന്നത്. വെടിവയ്പിനു മുന്‍പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമൊന്നും ഉണ്ടായില്ല. ഫാര്‍മസിയില്‍ ജോലിയിലായിരുന്ന യുവതിയെ പിന്നിലൂടെ വന്ന യുവാവ് വെടിവച്ചുവീഴ്ത്തുകയായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നു. ആക്രമണം നടക്കുമ്പോള്‍ ഏഴ് ജീവനക്കാര്‍ ഫാര്‍മസിയിലുണ്ടായിരുന്നു. 
 
ഇടപാടുകാരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും മറ്റാര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ ബെന്‍ തൗബ് ഔട്ട്‌പേഷ്യന്റെ ഫാര്‍മസി വിശദീകരണമിറക്കിയിട്ടുണ്ട്. കമ്പനിക്കുവേണ്ടി ഹാരീസ് ഹെല്‍ത്ത് സിസ്റ്റം പ്രസിഡന്റ് ജോര്‍ജ് വി മാസിയാണ് വിശദീകരണം നല്‍കിയത്. തങ്ങളുടെ ഒരു ജീവനക്കാരിയലും ഹാരീസ് ഹെല്‍ത്ത് സിസ്റ്റം ജീവനക്കാരനുമാണ് മരിച്ചതെന്നും ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും വിശദീകരണത്തില്‍ പറയുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക