തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടു; മരണസംഖ്യ 250 കവിഞ്ഞു, 1,440 പേര്‍ക്ക് പരുക്ക് - 2,839 വിമത സൈനികര്‍ കസ്‌റ്റഡിയില്‍ - രാജ്യത്തെങ്ങും കനത്ത സുരക്ഷ

ശനി, 16 ജൂലൈ 2016 (21:03 IST)
തുർക്കിയിൽ സൈന്യം ഭരണം അട്ടിമറിക്കാൻ നടത്തിയ ശ്രമത്തെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. ഹെലികോപ്റ്റർ ആക്രമണത്തിലാണ് മരണം ഏറെയും സംഭവിച്ചത്. നൂറോളം സൈനികർ ഉൾപ്പെടെയാണിത്. 1,440 പേർക്ക് പരുക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2,839 വിമത സൈനികരെ കസ്റ്റഡിയിലെടുത്തു. 700 സൈനികർ പൊലിസിനു മുമ്പാകെ കീഴടങ്ങി. വിമത സൈനികരെ നേരിടാൻ സർക്കാർ യുദ്ധ വിമാനങ്ങൾ അയച്ചു. രാജ്യത്തെങ്ങും സൈന്യവും പൊലീസും കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി തുടങ്ങിയ അട്ടിമറി നീക്കം ഏകദേശം ആറ് മണിക്കൂറിനു ശേഷമാണ് പരാജയപ്പെടുത്തിയത്. ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. തലസ്ഥാനമായ ഇസ്താംബൂളിൽനിന്നു സൈന്യത്തിന് നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് പുതിയ വിവരം. രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെള്ളിയാഴ്‌ച അർധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയത്. തുടർന്ന് ഇന്നു പുലർച്ചെയോടെ അധികാരം പിടിച്ചെടുത്തതായുള്ള സൈന്യത്തിന്റെ അവകാശവാദവും എത്തി. അങ്കാറയിൽ സൈനിക ഹെലികോപ്റ്ററിൽ നിന്ന് വെടിവയ്പുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പലയിടത്തും സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.

വ്യോമസേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങൾ പിടിച്ചെടുത്താണ് അട്ടിമറിക്ക് തുടക്കമിട്ടത്. രാജ്യത്തെ വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയതിനു ശേഷമാണ് സൈന്യം അധികാരം പിടിച്ചെടുത്തതായ അവകാശവാദവുമായി രംഗത്തെത്തിയത്. അട്ടിമറി ശ്രമത്തെ തുടർന്ന് തുർക്കി എയർലൈൻസിന്‍റെ 925 അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ അധികൃതർ റദ്ദാക്കി.

തുര്‍ക്കിയില്‍ സമാധാന സമിതി രൂപികരിച്ചതായും പട്ടാള നിയമം നടപ്പാക്കിയതായും പ്രഖ്യാപിച്ച സൈന്യം രാജ്യത്ത് കര്‍ഫ്യൂ നടപ്പാക്കിയതായും അറിയിക്കുകയായിരുന്നു. സൈനികതലത്തിലുള്ള പീസ് കൗണ്‍സിലാണ് രാജ്യം ഭരിക്കുന്നതെന്നും പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ഈ സമയത്ത് പ്രസിഡൻറ് ഉര്‍ദുഗാന്‍ അവധിക്കാല കേന്ദ്രത്തില്‍ വിശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം ഇംസ്തംബൂളിലെത്തിയ ഉർദുഗാൻ അട്ടിമറിക്കെതിരെ തെരുവിലിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. തുടർന്ന് കർഫ്യൂ വകവെക്കാതെ ആയിരക്കണക്കിന് ആളുകൾ തെരുവിലേക്കൊഴുകി. പിന്നീട് ഉർദുഗാൻ അനുകൂല സൈന്യം ഇന്‍റലിജന്‍റ്സ് ആസ്ഥാനം വളയുകയും അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കീഴടക്കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക