ഇനിയും കുട്ടികളെ കൊല്ലും: പാക് താലിബാന്‍

ശനി, 20 ഡിസം‌ബര്‍ 2014 (14:39 IST)
പെഷവാറിലെ സൈനിക സ്കൂളിലെ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്തതിനു പിന്നാലെ ഇനിയും കുട്ടികളെ കൊല്ലുമെന്ന് പാക് താലിബാന്‍ ഭീഷണി മുഴക്കി.  തെഹ്രീകെ ഇ താലിബാന്‍ ഭീകരാനായ മുല്ലാഹ് ഫസലുല്ല പാക്കിസ്ഥാന്‍ സര്‍ക്കാരിന് അയച്ച കത്തിലാണ് ഭീഷണി. പാക്കിസ്ഥാന്‍ ഭീകരരുടെ വധശിക്ഷ നടപ്പിലാക്കാന്‍ തുടങ്ങിയതിനുള്ള മുന്നറിയിപ്പായാണ് ഭീകരര്‍ ഭീഷണി മുഴക്കിയത്.

ഞങ്ങളുടെ സംഘത്തിലുള്ള ഒരാളെയെങ്കിലും ഇനി തൂക്കിലേറ്റിയേറ്റാല്‍ നിങ്ങളുടെ കുട്ടികളെ കൊന്നിട്ടായിരിക്കും ഞങ്ങള്‍ അതിനുള്ള പ്രതികാരം വീട്ടുക. സൈനിക മേധാവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും കുടുംബങ്ങളില്‍ ദുഃഖാചരണം നടത്തേണ്ടി വരും- ഇതായിരുന്നു കത്തിലെ സന്ദേശം. പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ കുടംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ മറ്റു രാഷ്ട്രീയ നേതാക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും കുട്ടികളെ വധിക്കാന്‍ ഭീകരര്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.

2008 ല്‍ നിര്‍ത്തലാക്കിയ വധശിക്ഷ പെഷാവറിലെ സ്കൂളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ പുനഃസ്ഥാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പര്‍വേസ് മുഷറഫിന്റെ ഭരണകാലത്തു സൈനിക കേന്ദ്രം ആക്രമിച്ച 17 പേരില്‍ ഒരാളടക്കം രണ്ടു പേരെ ഇന്നലെ തൂക്കിലേറ്റി. അഖീല്‍ എന്ന ഡോ.ഉസ്മാന്‍, മെഹ്റാബന്‍ എന്ന അര്‍ഷദ് മെഹമൂദ് എന്നിവരെയാണു ഫൈസലാബാദിലെ ജയിലില്‍ രാത്രി ഒന്‍പതോടെ തൂക്കിലേറ്റിയത്.

ഇതാണ് താലിബാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8261 തടവുകാരാണു പാക്കിസ്ഥാനിലെ ജയിലുകളിലുള്ളത്. ഇതില്‍ 30% പേരും ഭീകരവിരുദ്ധ നിയമപ്രകാരം ശിക്ഷ കിട്ടിയവരാണ്. എന്നാല്‍ ഇവരുടെ വധശിക്ഷ സര്‍ക്കാര്‍ നയത്തേ തുടര്‍ന്ന് നടപ്പിലാക്കിയിരുന്നില്ല. 2004നു ശേഷം 235 പേരെ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധേയമാക്കിയിട്ടുമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക