അഭയാര്‍ഥി പ്രവാഹം: തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയന്റെ സഹായം

തിങ്കള്‍, 30 നവം‌ബര്‍ 2015 (10:17 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നുമുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് രൂക്ഷമായതോടെ തുര്‍ക്കിക്ക് സാമ്പത്തിക സഹായവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. മതിയായ രേഖകളില്ലാതെ എത്തുന്നവരെയും മറ്റ് താല്‍പ്പര്യങ്ങള്‍ക്കായി സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പ്രവേശിക്കുന്നവരെയും തടയുന്നതിനായി 320 കോടി ഡോളര്‍ സഹായം നല്‍കാനാണ് യൂറോപ്യന്‍ യൂണിയനില്‍ ധാരണയായത്.

തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍ ഉന്നതതല ചര്‍ച്ചക്ക് മുന്നോടിയായി പുറത്തുവിട്ട കരട് ധാരണയിലാണ് അന്താരാഷ്ട്ര സംരക്ഷണം ആവശ്യമില്ലാത്ത സിറിയന്‍ കുടിയേറ്റക്കാര്‍ കടല്‍ കടക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനയത്. നിലവില്‍ 22 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ എത്തിയതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തീരുമാനിച്ചിരിക്കുന്നത്.

സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്കും തുര്‍ക്കിയിലുള്ളവര്‍ കടല്‍വഴി ഗ്രീസിലേക്കും കടക്കുന്നത് നിയന്ത്രിക്കാനും മതിയായ രേഖകളില്ലാതെ എത്തുന്നവരെയും മറ്റ് താല്‍പ്പര്യങ്ങള്‍ക്കായി സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പ്രവേശിക്കുന്നവരെ തിരിച്ചയക്കാനും പിടികൂടാനും തീരുമാനമായിട്ടുണ്ട്. 2016 ഒക്ടോബറോടെ നിബന്ധനകള്‍ക്കു വിധേയമായി തുര്‍ക്കികള്‍ക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ യാത്ര അനുവദിക്കാനും ആലോചനയുണ്ട്. തുര്‍ക്കിക്ക് സാമ്പത്തികസഹായ വാഗ്ദാനത്തിനു പുറമെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വ ചര്‍ച്ചകളും പുനരാരംഭിക്കും.

 

വെബ്ദുനിയ വായിക്കുക