വിമാനം തുര്‍ക്കി വെടിവെച്ചിട്ടത് അമേരിക്കയുടെ മതിപ്പ് പിടിച്ചുപറ്റാന്‍: പുടിന്‍

വെള്ളി, 18 ഡിസം‌ബര്‍ 2015 (09:00 IST)
അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് റഷ്യന്‍വിമാനം വെടിവെച്ചിട്ട തുറക്കിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. അമേരിക്കയുടെ മതിപ്പ് പിടിച്ചുപറ്റാനാണ് തുര്‍ക്കി തങ്ങളുടെ വിമാനം വെടിവെച്ചിട്ടത്.
നിലവിലെ ഭരണകൂടവുമായി ഒരുതരത്തിലുള്ള സഹകരണത്തിനും തയാറല്ല. വിമാനം വെടിവെച്ചിട്ടതില്‍ ഭയന്ന് സിറിയയില്‍ നിന്ന് പേടിച്ചോടുന്നവരല്ല റഷ്യക്കാരെന്നും പുടിന്‍ തുറന്നടിച്ചു.

രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടാകുന്നവരെ സിറിയയില്‍ സൈനികനീക്കം തുടരും. സിറിയന്‍വിഷയത്തില്‍ യു.എന്‍ രക്ഷാകൗണ്‍സിലില്‍ യുഎസ് സമര്‍പ്പിക്കുന്ന പ്രമേയത്തെ പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു. സിറിയയില്‍ രാഷ്ട്രീയമാറ്റം വേണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്ന വാദം പുടിന്‍ ആവര്‍ത്തിച്ചു. എണ്ണവില താഴ്ന്നതിനെ തുടര്‍ന്ന് റഷ്യ വന്‍ സാമ്പത്തികത്തകര്‍ച്ച നേരിടുകയാണ്. ഈ സാഹചര്യത്തില്‍  നിര്‍മാണമേഖല പ്രതിസന്ധിയിലായിട്ടുണ്ട്.

തുര്‍ക്കിസേന ഇറാക്കില്‍ കടക്കുന്നതിനു നേരേ കണ്ണടയ്ക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുകയാവും അങ്കാറയുടെ ലക്ഷ്യം. അമേരിക്കയെ ഭയന്നാണ് തുര്‍ക്കി പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ യുക്രെയ്നില്‍ റഷ്യന്‍ സൈനിക സാന്നിധ്യം ഉണ്ടെന്ന കാര്യം ശരിയാണ്. ബ്രസല്‍സുമായുള്ള യുക്രെയ്ന്‍െറ സ്വതന്ത്ര വ്യാപാരക്കരാര്‍ ആശങ്ക പകരുന്നതാണ്. വിമാനദുരന്തത്തെ തുടര്‍ന്ന് ഈജിപ്തുമായി റദ്ദാക്കിയ വ്യോമയാനബന്ധം പുനരാരംഭിക്കുമെന്നും പുടിന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക