റഷ്യന്‍ സര്‍വ്വകലാശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ചൊവ്വ, 16 ഫെബ്രുവരി 2016 (08:22 IST)
റഷ്യന്‍ സര്‍വ്വകലാശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പടിഞ്ഞാറന്‍ റഷ്യയിലെ മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ ആണ് തീപിടുത്തം ഉണ്ടായത്. മഹാരാഷ്‌ട്ര സ്വദേശികളായ പൂജ കല്ലൂർ (22), കരിഷ്മ ഭോസ്‌ലെ (20) എന്നിവരാണ് മരിച്ചത്.
 
പൂജ നവി മുംബൈ സ്വദേശിയും കരിഷ്മ പൂണെയിലെ സഹകാർ നഗർ സ്വദേശിയുമാണ്. തീപിടിത്തമുണ്ടായ റഷ്യയിലെ സ്മോലെൻസ്ക് മെഡിക്കൽ അക്കാദമിയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥികളായിരുന്ന ഇവര്‍ ആറു നില കെട്ടിടത്തിലെ നാലാം നിലയിലെ ഹോസ്റ്റൽ മുറിയിൽ ഒരുമിച്ചായിരുന്നു താമസം.  
 
ഇന്ത്യൻ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മോസ്കോയിലെത്തിക്കുന്ന മൃതദേഹങ്ങൾ വിമാനമാർഗം ചൊവ്വാഴ്ച മുംബൈയിലേക്ക് കൊണ്ടുവരും. ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11 മണിയോടെ ആയിരുന്നു സംഭവം.
 
അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക