സന്ദർശക വിസ ദീർഘിപ്പിക്കാം, പ്രൊഫഷണലുകൾക്ക് ഗ്രീൻ വിസ, മാറ്റങ്ങളുമായി യുഎഇ

ചൊവ്വ, 19 ഏപ്രില്‍ 2022 (20:30 IST)
വിസ നിയമങ്ങളിൽ പരിഷ്കരണമേർപ്പെടുത്തി യുഎഇ.സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങൾ. എല്ലാ വിസകളിലും ഒന്നില്‍ കൂടുതല്‍ തവണ വന്നുപോകുന്നതിനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയുംചെയ്യും. രക്ഷിതാക്കള്‍ക്ക് ആണ്‍മക്കളെ 25 വയസ്സുവരെ സ്‌പോണ്‍സർ ചെയ്യാനും അനുമതിയുണ്ട്.
 
പ്രതിമാസം 30,000 ദിര്‍ഹത്തിലധികം വേതനമുള്ള പ്രൊഫഷണലുകള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രതിഭകളെ കൂടുതലായി ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ വ്യവസ്ഥ.
 
അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസ എന്ന പുതിയ സംവിധാനമാണ് പുതിയ ആകർഷണം. യു.എ.ഇ. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിലെ ജോലികള്‍ ചെയ്യുന്നവര്‍ക്കും ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവർക്കും ഈ വിസ ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍