ഓസ്ട്രേലിയന്‍ നവസിനിമയുടെ പിതാവ് പോള്‍ കോകസ് അന്തരിച്ചു
ഞായര്‍, 19 ജൂണ്‍ 2016 (10:27 IST)
സ്വതന്ത്ര ഓസ്ട്രേലിയൻ സിനിമയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന പോൾ കോക്‍സ് (76) അന്തരിച്ചു. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഓസ്ട്രേലിയൻ ഡയറക്ടേഴ്സ് ഗിൽഡ് ആണ് മരണവാർത്ത പുറത്തുവിട്ടത്. 2009ൽ കരളിലെ കാൻസർ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സ തേടിയിരുന്നു.
1940ൽ നെതർലൻഡ്സിൽ ജനിച്ച കോക്സ് നിശ്ചലചിത്രങ്ങളുടെ ലോകത്തുനിന്നാണ് സിനിമയിലേക്ക് എത്തുന്നത്. 1963ൽ നിശ്ചല ഛായാഗ്രഹണം പഠിക്കുന്നതിന് ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് കോക്സിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം. 1970 കളോടെ അദ്ദേഹം മുഴുനീള ചിത്രങ്ങൾ നിർമിക്കാൻ തുടങ്ങി. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓസ്ട്രേലിയക്ക് പുറത്താണ് കൂടുതൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ ജൂറി ചെയർമാനായിരുന്നു.
ചലചിത്ര രംഗത്ത് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ പോൾ കോക്സ് തന്റേതുൾപ്പെടെയുള്ള ഏഴ് ചിത്രങ്ങളിൽ അഭിനയിക്കുകയും ഇരുപതോളം ചിത്രങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളുമാണ് അദ്ദേഹം സംവിധാനം ചെയ്തത്.