പാനമയില്‍ കുടുങ്ങി വമ്പന്‍മാര്‍; തന്റെ സ്വത്തുവകകള്‍ എന്തൊക്കെയാണെന്നറിയാതെ ഡേവിഡ് കാമറൂണ്‍
വ്യാഴം, 7 ഏപ്രില്‍ 2016 (15:17 IST)
വിവാദമായി മാറിക്കൊണ്ടിരിക്കുന്ന പാനമ പേപ്പറുകളിലുള്ള ഓരോ പേരുകളും ഒരോ ദിവസവും മറനീക്കി പുറത്തുവരുമ്പോള്‍ അത്ഭുതംകൊള്ളുകയാണ് ലോകം. ഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസി മുതല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂണ്‍ വരെ എത്തി നില്‍ക്കുന്നു ആ പേരുകള്‍.
അച്ഛന്റെ പേരിലുള്ള വിദേശ നിക്ഷേപത്തിന്റെ പേരിലാണ് ഡേവിഡ് കാമറൂണ്‍ സംശയിക്കപ്പെടുന്നതെങ്കില്‍ ഐസ്‌ലാന്‍ഡില്‍ സ്ഥാനം നഷ്ടമായ പ്രധാനമന്ത്രി സിഗ്മുണ്ടുര്‍ ഗണ്‍ലോഗ്‌സണ്‍ വെട്ടിലായത് ഭാര്യയുടെ പേരില്‍ സൂക്ഷിച്ചിരുന്ന വിദേശ നിക്ഷേപത്തിന്റെ പേരിലായിരുന്നു.
പാനമ കമ്പനിയായ മൊസാക് ഫൊണ്‍സേകയുടെ സഹായത്തോടെ വിദേശത്ത് നിക്ഷേപം നടത്തിയവരുടെ പേരുകളില്‍ ഡേവിഡ് കാമറൂണും അകപ്പെട്ടതോടെ തനിക്കുള്ള സ്വത്തുവകകള്‍ എന്തൊക്കെയാണെന്നുപോലും കാമറൂണിന് ഇപ്പോള്‍ വ്യക്തമായ ധാരണയില്ല. തനിക്ക് ഒരു വീടു മാത്രമേ ഉള്ളുവെന്നാണ് താന്‍ കരുതിയിരുന്നതെന്നായിരുന്നു കാമറൂണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടാതെ തന്റെ ഈ പ്രസ്താവന പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
പ്രധാനമന്ത്രിയെന്ന നിലയില്‍ തനിക്ക് ശമ്പളം ലഭിക്കുന്നുണ്ട്. അവിടേയും ഓഹരി നിക്ഷേപമില്ല. ശമ്പളത്തില്‍ മിച്ചം വെക്കുന്ന തുകക്ക് ചെറിയ പലിശയും ലഭിക്കുന്നുണ്ട്. താമസിച്ചിരുന്ന വീട് ഡൗണിങ് സ്ട്രീറ്റിലേക്ക് താമസം മാറിയപ്പോള്‍ വാടകക്ക് കൊടുക്കുകയും ചെയ്തു- ഇതാണ് കാമറൂണ്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
തന്റെ അച്ഛനുള്ള വിദേശ നിക്ഷേപത്തിന്റെ പേരിലാണ് നികുതിയുടെ കാര്യത്തില്‍ എപ്പോഴും സുതാര്യത വേണമെന്ന് നിര്‍ബന്ധിച്ചിരുന്ന പ്രധാനമന്ത്രി ഇപ്പോള്‍ ക്രൂശിക്കപ്പെടുന്നത്. ഇക്കാരണം കൊണ്ടുതന്നെ തനിക്ക് വിദേശ ഫണ്ടുകളില്ലെന്ന് എത്ര തവണ പറഞ്ഞാലും കാമറൂണിന് സംശയത്തിന്റെ നിഴലില്‍ നിന്ന്
രക്ഷപ്പെടുക ബുദ്ധിമുട്ടാവും.
കാമറൂണിന്റെ മരിച്ചു പോയ പിതാവ് കാമറൂണിനായി മാറ്റി വെച്ചത് ഏകദേശം മൂന്ന് മില്യണ്‍ പൗണ്ടിന്റെ സ്വത്തു വകകളാണെന്നാണ് കണക്കുകളില്‍ പറയുന്നത്. ഇതെല്ലാം ഇംഗ്ലണ്ടില്‍ മാത്രമുള്ള സ്വത്തു വകകളാണ്. പക്ഷെ അച്ഛനുണ്ടായിരുന്ന സ്വിസ്സ് ബിസനിസ് ബന്ധങ്ങള്‍കൂടി കണക്കാക്കുമ്പോള്‍ സ്വത്തു വിവരങ്ങള്‍ സുതാര്യമാണെന്ന് കരുതാന്‍ കഴിയുകയില്ല.
അധികാരത്തിലുള്ള പ്രോഗ്രസ്സീവ് പാര്‍ട്ടി ചെയര്‍മാനായ ഐസ്‌ലാന്‍ഡിന്റെ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി സിഗ്മുണ്ടുര്‍ ഗണ്‍ലോഗ്‌സണ്‍ ഭാര്യയുടെ പേരിലുള്ള സ്വത്തുവിവരം അദ്ദേഹം എം പി ആയിരുന്ന സമയത്ത് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ വിദേശത്തുള്ള സ്വത്ത് ഭാര്യക്ക് വിറ്റിരുന്നുവെന്നും അതില്‍ തെറ്റായി ഒന്നുമില്ലെന്നുമാണ് അദ്ദേഹം നല്‍കിയ വിശദീകരണം. പക്ഷെ രാജ്യത്ത് ശക്തമായ പ്രതിഷേധം അലയടിച്ചതോടെയാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
എന്നാല്‍, തന്റേത് രാജിയല്ലെന്നും താന്‍ കുറച്ചുകാലത്തേക്ക് സ്ഥാനമൊഴിയുക മാത്രമാണെന്നുമാണ് ഗണ്‍ലോഗ്‌സണ്‍ വ്യക്തമാക്കിയത്. മൊസാക് ഫൊണ്‍സേകയുടെ സഹായത്തോടെ ഗണ്‍ലോഗ്‌സണും ഭാര്യയും 2007ലാണ് വിന്‍ട്രിസ് എന്ന കമ്പനി സ്വന്തമാക്കിയത്. 2009ലായിരുന്നു അദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രവേശനം. എട്ട് മാസങ്ങള്‍ക്ക് ശേഷം ഭാര്യ അന്ന സിഗുര്‍ലോഗ് പാല്‍സ്‌ദോത്തിറിന് 50 ശതമാനം ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു.
പാനമ പേപ്പറുകളില്‍ കുടുങ്ങിയ മറ്റൊരു പ്രശ്‌സത വ്യക്തി ഐക്യരാഷ്ട്ര സഭയുടെ മുന്‍ മേധാവി കോഫി അന്നന്റെ മകനായ കോജോ അന്നനാണ്. ഇദ്ദേഹം നാല് ലക്ഷം പൗണ്ടിന് ലണ്ടിനില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതായാണ് പാനമ പേപ്പറുകളില്‍ വ്യക്തമാവുന്ന വിവരം. സമോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫയര്‍ ഹോള്‍ഡിങ്‌സിന്റെ ഡയറക്ടറായ കോജോ, കരീബിയയിലെ ബ്രിട്ടീഷ് വിര്‍ജീനിയ ഐലന്‍ഡിലുള്ള മറ്റ് രണ്ടു കമ്പനികളുടെ കൂടി ഡയറക്ടറാണെന്ന് പാനമ പേപറുകള്‍ തെളിയിക്കുന്നു. എന്നാല്‍, കോജോയുടെ കമ്പനികളെല്ലാം നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.
കോഫി അന്നന്‍ ഐക്യരാഷ്ട്രസഭയുടെ മേധാവിയായിരിക്കെ കൊടെക്‌ന എന്ന കമ്പനിക്ക് ഐക്യരാഷ്ട്രസഭയുടെ ഒരു വാര്‍ഷിക കോണ്‍ട്രാക്റ്റ് വാങ്ങി നല്‍കിയെന്ന അഴിമതി ആരോപണവും ഇതിനുമുമ്പ് കോജോക്ക് നേരെ ഉയര്‍ന്നു വന്നിരുന്നു. ഇതുസംബന്ധിച്ച് ഐക്യരാഷ്ട്ര സഭ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തിനെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 2006ല്‍ വാങ്ങിയ മെഴ്‌സിഡസ് ബെന്‍സ് കാറിന്റെ പേരില്‍ പോലും കോജോയ്ക്ക് പഴികേട്ടിരുന്നു. അച്ഛനായ കോഫി അന്നന്റെ പേരില്‍ കാര്‍ വാങ്ങിച്ചതു വഴി 4600 പൗണ്ടിന്റെ ഡിസ്‌ക്കൗണ്ട് സ്വന്തമാക്കിയെന്നായിരുന്നു അന്ന് ഉയര്‍ന്നുവന്ന ആരോപണം.