പ്രതികാരം പുരോഗമിക്കുന്നു, പാക്കിസ്ഥാന്‍ 500 തീവ്രവാദികളെ തൂക്കിലേറ്റും
തിങ്കള്‍, 22 ഡിസംബര്‍ 2014 (16:58 IST)
പെഷവാറിലെ സൈനിക സ്കൂളിലെ വിദ്യാര്‍ഥികളെ കുട്ടക്കുരുതി നടത്തിയ തീവ്രവാദികളോട് ഇനി ഒരിക്കലും ക്ഷമിക്കില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പിച്ചു കഴിഞ്ഞു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഭീകരവേട്ട തുടരുമ്പോള്‍ തടവിലുള്ള ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റിക്കൊണ്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം നാലു തീവ്രവാദികളെ തൂക്കിലേറ്റിയതിനു പിന്നാലെ 500 പേരെകൂടി രണ്ടാഴ്ചക്കുള്ളില്‍ വധിക്കാനാണ് പാക് ഭരനകൂടത്തിന്റെ തീരുമാനം.
അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനത്തെ വരെ കാറ്റില്‍ പറത്തിയാണ് തീരുമാനം എടുത്തിരിക്കുന്നത്. 141 പേരെ കൂട്ടക്കൊല ചെയ്‌തിട്ടും തീവ്രവാദത്തിനെതിരേ ശക്‌തമായ നിലപാട് എടുക്കാതിരിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നതിനേ തുടര്‍ന്നാണ് കടുത്ത നടപടിയുമായി പാക്കിസ്ഥാന്‍ മുന്നൊട്ട് പോകുന്നത്. രണ്ടാഴ്‌ചയ്‌ക്കിടെ ആറിലധികം പേരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റിയിരുന്നു.
രണ്ടോ മൂന്നോ ആഴ്‌ചകള്‍ക്കകം 500 ലധികം തീവ്രവാദികള്‍ വധശിക്ഷയ്‌ക്ക് വിധേയമാകുമെന്ന് പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ വ്യക്‌തമാക്കി. വധശിക്ഷയില്‍ പ്രസിഡന്റ് ദയാഹര്‍ജി തള്ളിയവരുടെയെല്ലാം ശിക്ഷ ഉടന്‍ നടപ്പാക്കുമെന്നും നിസാര്‍ പറയുന്നു. പെഷവാര്‍ സംഭവത്തില്‍ ഒരാളെപോലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം രാജ്യത്തിന്റെ പല ഭാഗത്തും ഉയര്‍ന്നിട്ടുണ്ട്.