വൈദ്യശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേല്‍ പുരസ്കാരം യോഷിനോരി ഓഷുമിക്ക്. ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണു ജപ്പാന്‍കാരനായ ഓഷുമിക്ക് പുരസ്കാരം ലഭിച്ചത്. ശരീരത്തിലെ കോശങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനമാണ് ഓഷുമി നടത്തിയത്. പഴയ കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ രൂപപ്പെടുന്ന പ്രക്രിയയെ കുറിച്ചുള്ള പഠനത്തെയാണ് ഓട്ടോഫാജി എന്ന് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകൾ നൊബേൽ സമിതി അംഗീകരിക്കുകയായിരുന്നു.
ഏകദേശം അഞ്ചരക്കോടി രൂപയാണ് (718,000 യൂറോ)യാണ് പുരസ്കാര തുക. മറ്റുള്ളവരിൽ നിന്നും എന്തെലും ഒക്കെ വ്യത്യസ്തത കണ്ടെത്തണമെന്ന ആഗ്രഹവും പരിശ്രമവുമാണ് ഈ അംഗീകാരത്തിന്റെ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജപ്പാനിലെ പ്രശസ്തമായ ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും കോശ പരിവര്‍ത്തനം സംബന്ധിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞനുമാണ് യോഷിനോരി ഓഷുമി.
1945 ഫെബ്രുവരി ഒമ്ബതിന് ജപ്പാനിലെ ഫുക്കുവോക്കയിലാണ് ജനനം. 1967ല്‍ ബിരുദവും 1974ല്‍ ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദവും അദ്ദേഹം നേടി. 1974-77 കാലഘട്ടത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ റോക്ക്ഫെല്ലര്‍ യുണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയായിരുന്നു. റിസര്‍ച്ച് അസോസിയേറ്റായി 1977ല്‍ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ടോക്യോയിലേയ്ക്ക് തിരിച്ചെത്തി. 1986ല്‍ അവിടെ ലക്ചററായി. 88ല്‍ അസോസിയേറ്റ് പ്രൊഫസറുമായി. 1996ല്‍ ഒകസാകി സിറ്റിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് ബയോളജിയില്‍ പ്രൊഫസറായി ചേര്‍ന്നു. 2004 മുതല്‍ 2009 വരെ ഹായമയിലെ ഗ്രാജ്വേറ്റ് യുണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രൊഫസറുമായിരുന്നു. 2012ല്‍ ക്യോട്ടോ പ്രൈസ് ഉള്‍പ്പടെ എട്ടോളം പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കാന്‍സറടക്കമുള്ള രോഗങ്ങളില്‍ കോശങ്ങളിലെ സ്വയം നശീകരണ സംവിധാനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍ നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഈ കണ്ടുപിടിത്തം. സ്റ്റോക് ഹോമില്‍നിന്ന് നൊബേല്‍ വിവരമത്തെുമ്പോഴും 71കാരനായ ഓസുമി തന്റെ ലാബിലായിരുന്നു. അവാര്‍ഡ് നേടിയതില്‍ അദ്ഭുതം തോന്നുന്നതായും വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.