ഫ്രഞ്ച് ജനത ആ ധീരയോദ്ധാവിനെ അന്വേഷിക്കുന്നു; ജനക്കൂട്ടത്തെ ചതച്ചരച്ചു നീങ്ങിയ ട്രക്കിലേക്ക് ചാടിക്കയറി അക്രമിയെ ഇടിച്ചിട്ട യുവാവ് വാര്‍ത്തകളില്‍ നിറയുന്നു - വിവരങ്ങള്‍ പുറത്തുവിടാതെ പൊലീസ്
ശനി, 16 ജൂലൈ 2016 (17:00 IST)
ഫ്രാൻസിലെ നീസിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതിന് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി പുറത്ത്. ജനക്കൂട്ടത്തിലേക്കു കൂറ്റൻ ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തിയ മുഹമ്മദ് ലഹൂജി ബോലെല്ലിനെ വെടിവച്ചു വീഴ്ത്താൻ പൊലീസിനെ സഹായിച്ചത് ഒരു യുവാവ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജനക്കൂട്ടത്തിലേക്കു കൂറ്റൻ ട്രക്ക് ഓടിച്ചുകയറ്റി അതിവേഗത്തില്‍ പാഞ്ഞ ഇയാളുടെ വാഹനത്തിലേക്ക് യുവാവ് ചാടിക്കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രക്കിലെ കാബിലേക്ക് ചാടിക്കയറിയ ഇയാള്‍ അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തു.
കാബിനില്‍ കയറി ബലം പ്രയോഗിക്കുന്നതിനിടെ അക്രമി യുവാവിനെതിരെ നിരവധി പ്രാവശ്യം വെടിയുതിര്‍ത്തുവെങ്കിലും അയാൾക്ക് വെടിയേറ്റില്ല. ഇരുവരും തമ്മിലുള്ള മൽപിടിത്തത്തിനിടയിൽ ട്രക്കിന്റെ വേഗത കുറഞ്ഞു. ഈ സമയത്ത് വാഹനത്തിനൊപ്പമെത്തിയ പൊലീസ് അക്രമിയെ വെടിവച്ചു വീഴ്‌ത്തുകയായിരുന്നുവെന്നും ഇൻഡിപെൻസന്റ് യുകെ റിപ്പോർട്ട് ചെയ്ത ദൃക്സാക്ഷി വ്യക്തമാക്കി.
അതേസമയം, അക്രമിയെ കീഴ്‌പ്പെടുത്താന്‍ പൊലീസിനെ സഹായിച്ച അഞ്ജാതന്‍ ആരെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. യുവാവിന്റെ ധീരമായ ഇടപെടല്‍ സോഷ്യല്‍ മീഡിയ അടക്കമുള്ളവയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇയാളുടെ വിവരങ്ങള്‍ അറിയാമെങ്കിലും ഒന്നും പുറത്തുവിടില്ല എന്ന നിലപാടിലാണ് പൊലീസ്. ധീരയോദ്ധാവെന്നാണ് ഫ്രഞ്ച് ജനത ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.