ഭീകരതയെ ഉൻമൂലനം ചെയ്യാതെ ആണവ ഭീകരത തടയാനാകില്ലെന്ന് മോദി

ശനി, 2 ഏപ്രില്‍ 2016 (11:56 IST)
ഭീകരതയെ ഇല്ലാതാക്കുന്നതിന് ലോകരാജ്യങ്ങ‌ൾ ഒന്നിച്ച് നി‌ൽക്കണമെന്നും ലോകത്ത് നിന്നും ഭീകരാക്രമണങ്ങ‌ൾ തുടച്ചു നീക്കാതെ ആണവ ഭീകരതയെ തടയാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വാഷിങ്ടണിൽ സമാപിച്ച ആണവ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സാന്നിധ്യത്തിലാണ് മോദി നയം വ്യക്തമാക്കിയത്.
 
ഭീകരാക്രമത്തിനെതിരെ ഒറ്റക്കെട്ടായി നി‌ൽക്കാത്തതാണ് പ്രധാന പ്രശ്നമെന്നും ആക്രമണം നേരിടുന്ന രാജ്യത്തിന്റെ പ്രശ്നം സ്വന്തം രാജ്യത്തെയും ബാധിക്കുമെന്നും അത് സ്വന്തം പ്രശ്നമായി കാണണമെന്നും മോദി ഉച്ചകോടിയിൽ അറിയിച്ചു. മറ്റ് രാജ്യത്ത് നടക്കുന്ന ഭീകര പ്രശ്നത്തിനെതിരെ ലോക രാജ്യങ്ങ‌ൾ ഒന്നിക്കണമെന്നും എങ്കിൽ മാത്രമേ ഭീകരതയെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളുവെന്നും മോദി വ്യക്തമാക്കി.
 
രാജ്യത്തെ തകർക്കുന്നതിനായി ഭീകരസംഘടനയ്ക്ക് സഹായം ചെയ്തു കൊടുക്കുന്ന സർക്കാരുകൾ ലോക സുരക്ഷയ്ക്കു തന്നെ അപകടമാണെന്ന മോദിയുടെ പ്രസ്താവന നേരത്തേ ശ്രദ്ധേയമായിരുന്നു. ഇസ്‍ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരസംഘടകളുടെ കയ്യിൽ ആണവ വസ്തുക്കൾ എത്തിപ്പെട്ടാൽ അത് ലോകനാശത്തിന് കാരണമാകുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഉച്ചകോടിയിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾ സ്വീകരിക്കേണ്ട അടിയന്തര നടപടികളും ഉച്ചകോടിയിൽ ചർച്ചചെയ്യുന്നുണ്ട്. 
 
ഉത്തര കൊറിയന്‍ ഭീഷണിയെ ചെറുക്കാന്‍ യോജിച്ച നീക്കമുണ്ടാകണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയുമായും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റുമായുമുള്ള കൂടിക്കാഴ്ചക്കുശേഷം ഒബാമ പറഞ്ഞു. പാരിസിലും ബ്രസല്‍സിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉച്ചകോടി. ഐക്യരാഷ്ട്ര സംഘടന, രാജ്യാന്തര ആണവോർജ ഏജൻസി, ഇന്റർപോൾ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുത്തു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക