മുംബൈ ഭീകരാക്രമണം; പാകിസ്ഥാനോട് നടപടി എടുക്കണമെന്ന് ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവന

ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (13:54 IST)
മുംബൈ ഭീകരകാക്രമണം ആസൂത്രണം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവന. ഭീകരവാദം ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ സുഷമാ സ്വരാജും ജോണ്‍ കെറിയും വ്യക്തമാക്കി.

സാമ്പത്തിക രംഗത്ത് ഉള്‍പ്പടെ, ഇന്ത്യ-അമേരിക്ക ബന്ധം നാള്‍ക്കുനാള്‍ കരുത്താര്‍ജിക്കുകയാണെന്ന് ജോണ്‍ കെറി പറഞ്ഞു. പ്രതിരോധ മേഖലയിലും ഇരുരാഷ്ട്രങ്ങളുമായുളള സഹകരണം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും ഉറച്ച സഹകരണത്തിന്റെ പാതയിലാണെന്നും, ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തയാക്കുമെന്നും സുഷമാ സ്വരാജ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ക്രിയാത്മകമായ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ജോണ്‍ കെറിയെ സുഷമാ സ്വരാജ് അഭിനന്ദിച്ചു.

ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യത്തിനും അമേരിക്കയുടെ പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്രതലത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ രക്ഷാസമിതിയുടെ ഫലപ്രദമായ ഇടപെടൽ ഉറപ്പുവരുത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കി. ഏഷ്യ പസഫിക് മേഖലയിൽ സമാധാനം നിലനിർത്തുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും സംയുക്ത പ്രസ്താവനയിൽ ജോണ്‍ കെറി പറഞ്ഞു.

വെബ്ദുനിയ വായിക്കുക