ഈ കൊടും ക്രൂരത കണ്ട് ഞങ്ങൾ വെറുതെയിരിക്കില്ല: ഫ്രഞ്ച് പ്രസിഡന്റ്

ശനി, 14 നവം‌ബര്‍ 2015 (11:48 IST)
പാരിസിൽ വിവിധയിടങ്ങളിലാ‍യി ആക്രമണമഴിച്ചു വിട്ട തീവ്രവാദികൾക്ക് ഫ്രാൻസ് ഒരു തരത്തിലുള്ള പരിഗണനയും ദയയും നൽകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്ദ്. ജനങ്ങള്‍ സംയമനം പാലിക്കണം. ഈ കൃത്യം ചെയ്‌തത് ആരാണെന്നു വ്യക്തമായിട്ടറിയാം. അവര്‍ക്കെതിരെ ദയാരഹിതമായിരിക്കും മറുപടി നല്‍കുക. രാജ്യത്ത് സംഭവിച്ച കൊടും ക്രൂരത കണ്ട് ഞങ്ങൾ വെറുതെയിരിക്കുമെന്ന് കരുതേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി.

രാജ്യം ഇങ്ങനെയൊരവസ്ഥയിൽ കൂടി കടന്നു പോകുന്നതില്‍ ദുഃഖമുണ്ട്. ഷാർളി ഹെബ്ദോയിൽ നടത്തിയ നരഹത്യയോട് പ്രതികരിച്ചത് പോലെയാവില്ല ഈ ആക്രമണത്തില്‍ ഫ്രാന്‍‌സ് മറുപടി നല്‍കുക. ഈ ഭികരർ ആർക്കുവേണ്ടി എവിടെ നിന്ന് എത്തിയതാണെന്നു വ്യക്തമായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രാൻസിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കുരുതിയാണിതെന്നും ഒലാന്ദ് പറഞ്ഞു.

അതേസമയം, ഭീകരാക്രമണത്തില്‍ ഇതുവരെ 150 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.  സ്ഫോടനത്തിലും വെടിവെപ്പിലുമാണ് ഇത്രയും പേര്‍ മരിച്ചത്. ആക്രമണം രൂക്ഷമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമികളെ വധിച്ചുവെന്നാണ് ലഭിക്കുന്ന അവസാന റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക