മലയാളികളെ കത്തിമുനയിൽ നിർത്തി കെട്ടിയിട്ട് കവർച്ച സംഘത്തിന്റെ വിളയാട്ടം. റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയുടെ പിന്‍വശത്ത് അസീര്‍ സ്ട്രീറ്റിലാണ് സംഭവം. മലയാളികൾ താമസിക്കുന്ന ഇരുനില കെട്ടിടത്തിൽ അക്രമി സംഘം കടന്നുചെല്ലുകയും അവിടെയുണ്ടായിരുന്ന ആറ് പേരെ കൊള്ളയടിക്കുകയുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഫവാസ് അല്‍ഹൊഖൈര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥരായ അഞ്ചല്‍ സ്വദേശി ഷിജു രമേശ്, പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി സജു, മറ്റ് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ഷാജി, പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി അലക്സ്, കലഞ്ഞൂര്‍ ഷിജു യോഹന്നാന്‍, തൃശൂര്‍ സ്വദേശി ബിനോയ്, അഞ്ചല്‍ സ്വദേശി ഷിജു രമേശ് എന്നിവരെയാണ് അക്രമ സംഘം കൊള്ളയടിച്ചത്. കോഴിക്കോട് സ്വദേശിയായ അഭിലാഷ് ഈ സമയത്ത് പുറത്തായിരുന്നതിനാൽ അക്രമികളുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, സ്വര്‍ണം, പണം എന്നിവയാണ് അക്രമികൾ കവർന്നത്. ഇവരെ ബന്ധികളാക്കിയതിനു ശേഷമായിരുന്നു കവർച്ച നടത്തിയത്. ഇഖാമ, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളും അക്രമികൾ കവർന്നിരുന്നു. എന്നാൽ അഭ്യര്‍ഥനയെ തുടർന്ന് രേഖകൾ ഇവർ തിരികെ നൽകിയിരുന്നു. ശബ്ദം വെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.