കൊവിഡ് 19 ഭീകരതയിൽ ഏറെ നിസഹായരാകുന്നത് പ്രവാസികളാണ്. വിമാനസർവീസുകൾ നിർത്തിവെച്ചതോടെ പലർക്കും വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ല. ഉറ്റവരെ അവസാനമായി കാണാൻ പോലും ഇവർക്ക് കഴിയുന്നില്ല. ഇത്തരത്തില്‍ ഒരു സംഭവമാണ് അല്‍ ഐനിലെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ ജീവനക്കാരനായ അബ്ദുള്‍ ജലീലിന് നേരിടേണ്ടി വന്നത്.
പൊന്നു മകന്റെയും പിതാവിന്റെയും മൃതദേഹം ഒരു നോക്ക് കാണാനോ അന്ത്യചുംബനം നല്‍കാനോ കഴിയാതെ വരികയാണ് ജലീലിനു. കഴിഞ്ഞ ദിവസം വീട്ടിൽ കളിക്കുന്നതിനിടെ ജലീലിന്റെ 12 വയസ്സുള്ള മകൻ മുഹമ്മദ് ബാസിം കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിക്കുകയായിരുന്നു. കൺമുന്നിൽ പേരക്കുട്ടി ദാരുണമായി ജീവനുവേണ്ടി പിടയുന്നത് കണ്ട് കുഴഞ്ഞുവീണ് മുത്തച്ഛൻ സി എച്ച് അലവിഹാജിയും മരിക്കുകയായിരുന്നു. ജലീലിന്റെ പിതാവായ അലവിഹാജി ഒരു ഹൃദ്രോഗി കൂടിയാണ്.
കഴിഞ്ഞ അവധിക്കാലത്ത് ജലീല്‍ ഭാര്യയെയും മക്കളെയും ജെലീല്‍ പതിനൊന്ന് വര്‍ഷമായി ജോലിചെയ്യുന്ന യു.എ.ഇ.യിലേക്ക് കൊണ്ടുവന്നിരുന്നു. മൂന്നുമാസത്തിനുശേഷം, ഭാര്യ ഇളയ കുട്ടിയെ പ്രസവിക്കാനായ സമയത്താണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് അബ്ദുള്‍ ജലീല്‍ അല്‍ഐനിലേക്ക് തിരികെയെത്തുകയായിരുന്നു.