സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ അഫ്‌ഗാനിസ്ഥാന്‍ ബാലന്‍ മുര്‍താസ അഹമ്മദിന് സ്വപ്നസാഫല്യം. നീലയും വെള്ളയും വരകളുള്ള പ്ലാസ്റ്റിക് കൂടില്‍ ‘മെസി 10’ എന്നെഴുതി അത് വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ലോകത്തിന് കൌതുക കാഴ്ചയായ മുര്‍താസ ശരിക്കുള്ള മെസിയെ കഴിഞ്ഞദിവസം കണ്ടു. ദോഹയില്‍ വെച്ചായിരുന്നു ലോകം കാത്തിരുന്ന ആ കൂടിക്കാഴ്ച.
ബാഴ്സലോണ ടീമൊനൊപ്പം ദോഹയില്‍ സൌദി ക്ലബായ അല്‍ അഹ്‌ലിയുമായി സൌഹൃദമത്സരത്തിന് എത്തിയതായിരുന്നു മെസി. മെസി ഹോട്ടലില്‍ നിന്നു പുറത്തേക്കു വന്ന സമയത്ത് ആയിരുന്നു കൂടിക്കാഴ്ച. മെസി പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു വശത്ത് മുര്‍താസ കാത്തു നില്‍ക്കുകയായിരുന്നു. കൈയില്‍ ജ്യൂസുമായി നടന്നു നീങ്ങുന്ന മെസിക്ക് മുമ്പിലേക്ക് മുര്‍താസ തന്റെ കുഞ്ഞുകൈകള്‍ നീട്ടി.
ഇതുകണ്ട മെസി മുര്‍താസയുടെ കൈ പിടിക്കുകയും പിന്നെ വാരിയെടുക്കുകയുമായിരുന്നു. ക്യാമറ ഫ്ലാഷുകള്‍ മിന്നി. മുര്‍താസയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത മെസി കുഞ്ഞിനെ സമീപത്തു നിന്നയാള്‍ക്ക് കൈമാറി. യു എന്‍ എച്ച് സി ആറിന്റെയും ഖത്തര്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ചേര്‍ന്ന് ആയിരുന്നു ഈ അപൂര്‍വ കൂടിക്കാഴ്ച ഒരുക്കിയത്.