അമേരിക്കയില്‍ വീട്ടിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. വിമാനത്തില്‍ സഞ്ചരിച്ചിരുന്ന മൂന്നുപേരും, വീടിനുള്ളിലെ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. വാഷിങ്ടണ്‍ ഡിസിയിലെ മേരിലന്‍ഡിലാണ് അപകടം നടന്നത്.
പത്തു പേര്‍ക്കുവരെ സഞ്ചരിക്കാവുന്ന സ്വകാര്യ ജെറ്റ് വിമാനമാണ് തിങ്കളാഴ്ച വീട്ടിലേക്ക് ഇടിച്ചിറങ്ങിയത്. ഈ സമയം വീട്ടില്‍ അമ്മയും രണ്ട് മക്കളുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു മൈല്‍ ദൂരം അപ്പുറത്തുള്ള മൗണ്ട്ഗോമേരി കൗണ്ടി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറായ വിമാനത്തിന്റെ ഗതി തെറ്റി വീട്ടിലേക്ക് ഇടിച്ച് ഇറങ്ങുകയായിരുന്നുവെന്ന് ഫെഡറല്‍ എവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. വിമാനാവശിഷ്ടങ്ങള്‍ വീണ് നിരവധി വീടുകള്‍ ഭാഗികമായി തകരുകയും അഗ്നിക്കിരയാവുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.