ജാപ്പനീസ് പൌരന്മാരെ ഇറാഖിലെ തീവ്രവാദ സംഘടനയാ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധികളാക്കി. സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ ജോഗോ, ഹരുന യുകാവ എന്നിവരാണ് ഭീകരരുടെ തടവിലുള്ളത്. സ്വകാര്യ കമ്പനിക്കുവേണ്ടിയാണ് ഇവര്‍ സിറിയയില്‍ പോയത്. ഇവരെ മോചിപ്പിക്കണമെന്നുണ്ടെങ്കില്‍ 20 കോടി അമേരിക്കന്‍ ഡോളര്‍ (ഏകദേശം 1234കോടി രൂപ) 72 മണിക്കൂറിനകം നല്‍കണമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
മോചന ദ്രവ്യം പറഞ്ഞ സമയത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ ബന്ധികളെ വധിക്കുമെന്നാണ് ഭീകരര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. വിഡിയോസന്ദേശത്തിലൂടെയാണ് ഭീകരര്‍ വന്‍തുക ആവശ്യപ്പെട്ടത്. ജപ്പാന്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം ഉടന്‍ എടുക്കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സഹായം നല്‍കുമെന്ന ജപ്പാന്‍പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് നഷ്ടപരിഹാരമായാണ് തുക ആവശ്യപ്പെടുന്നതെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച രണ്ട് ബന്ദികള്‍ക്ക് നടുവില്‍ കത്തിയുമായി നില്‍ക്കുന്ന ഭീകരന്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഭീകരരുടെ ഭീഷണി നേരിടുന്നതുസംബന്ധിച്ച് മാര്‍ഗങ്ങള്‍ ആരായുകയാണെന്ന് ജപ്പാന്‍ വ്യക്തമാക്കി. വീഡിയോദൃശ്യങ്ങള്‍ യഥാര്‍ഥമാണോ എന്നത് പരിശോധിച്ചുവരികയാണെന്ന് ജപ്പാന്‍ വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ഭീകരര്‍ നേരത്തേ പുറത്തുവിട്ട വീഡിയോയുമായി ശബ്ദസാമ്യമുള്ളതാണ് പുതിയതും.