പാകിസ്ഥാനില്‍ യുണിവേഴ്സിറ്റിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 21 മരണം

ബുധന്‍, 20 ജനുവരി 2016 (16:21 IST)
പാകിസ്ഥാനിലെ ചര്‍സാദായിലെ ബച്ചാഖാന്‍ യൂണിവേഴ്സിറ്റിക്കുനേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ പ്രൊഫസര്‍ ഉള്‍പ്പെടെ ഇരുപത്തിയൊന്നുപേര്‍ കൊല്ലപ്പെടുകയും അന്‍പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമാബാദില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയാണ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി തഹ്‌രീകെ താലിബാൻ പാകിസ്ഥാനി എന്ന തീവ്രവാദി സംഘടനയുടെ തലവന്‍ ഉമർ മൻസൂര്‍ എ എഫ് പി വാർത്താ ഏജൻസിയെ അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് പേരടങ്ങുന്ന ആയുധധാരികളും തമ്മില്‍ യൂണിവേഴ്സിറ്റി കെട്ടിടത്തില്‍ വെച്ച് വെടിവെപ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.  ഈ യൂണിവേഴ്സിറ്റിയില്‍ 3000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ്  വൃത്തങ്ങള്‍ അറിയിച്ചു.

ജംറുദിലെ പൊലീസ് ചെക്പോയിന്റില്‍ ചൊവ്വാഴ്ച്ച ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2014ല്‍  സൈനിക സ്കൂളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 144 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു കൊല്ലപ്പെട്ടത്.

വെബ്ദുനിയ വായിക്കുക