ഐഎസിനെതിരെ അമേരിക്ക യുദ്ധത്തിന് ഒരുങ്ങുന്നു

വ്യാഴം, 12 ഫെബ്രുവരി 2015 (16:44 IST)
ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി വളരുന്ന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ് ഐഎസ്) അമേരിക്ക യുദ്ധത്തിന് തയാറെടുക്കുന്നു. ഐഎസ് ഐഎസിനെ നേരിടാന്‍ മൂന്നു വര്‍ഷത്തേക്ക് സേനയെ അയയ്ക്കാന്‍ കോണ്‍ഗ്രസിന്റെ അനുവാദം തേടി പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത് എത്തുകയും ചെയ്തു.

ലോകരാജ്യങ്ങള്‍ക്ക് എന്നപോലെ ഐഎസ് ഐഎസ് അമേരിക്കയ്ക്കും ഭീഷണിയാണ്. തെറ്റ് പറ്റാതെ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ദൌത്യമാണിതെന്നും ഒബാമ പറഞ്ഞു.
ഭീകരരെ അവസാനിപ്പിക്കണമെങ്കില്‍ സമയമെടുക്കും, പ്രത്യേകിച്ചും നഗര പ്രദേശങ്ങളില്‍ നിന്ന്. എന്നാല്‍ നമ്മുടെ സഖ്യം പ്രത്യാക്രമണ ശേഷിയുള്ളതാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനിലും ഇറാഖില്‍ യുഎസ് നടത്തിയതുപോലെയുള്ള യുദ്ധം ഉണ്ടാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ്  വ്യക്തമാക്കി.

അതേസമയം, ഒബാമയുടെ ഈ ആവശ്യത്തോട് റിപ്പബ്ളിക്ക് പാര്‍ട്ടിക്കാര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. വീണ്ടുമൊരു യുദ്ധത്തിലേക്കു കൊണ്ടുപോവുകയാണോ എന്ന നിലയിലായിരുന്നു കോണ്‍ഗ്രസിലെ ആദ്യ പ്രതികരണം. വിദേശികളെ നിരന്തരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യാന്‍  തുടങ്ങിയതോടെയാണ് അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങള്‍ ഐഎസ് ഐഎസിനെതിരെ രംഗത്ത് വന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക