ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികനെ ക്രൂശിലേറ്റിയെന്ന് റിപ്പോര്‍ട്ട്

തിങ്കള്‍, 28 മാര്‍ച്ച് 2016 (15:57 IST)
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ ടോം ഉഴുന്നാലിലിനെ ദു:ഖവെള്ളിയാഴ്ച ക്രൂശിലേറ്റിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വാഷിംഗ്‌ടണ്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈസ്റ്റര്‍ ദിനത്തിലെ ആരാധനയ്ക്കിടെ വിയന്നയില്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോന്‍ബോണ്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
 
യമനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ ടോം ഉഴുന്നാലിലിനെ ദു:ഖവെള്ളിയാഴ്ച ക്രൂശിലേറ്റുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈദികനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആണ് തട്ടിക്കൊണ്ടു പോയതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ അറിയിച്ചിരുന്നു.
 
സലേഷ്യന്‍ ഡോണ്‍ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിലിനെ മാര്‍ച്ച് നാലാം തിയതിയാണ് യമനില്‍ നിന്ന് ഐ എസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയത്. തെക്കന്‍ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ ഭീകരര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
 
കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമാണ് ഫാ ടോം.

വെബ്ദുനിയ വായിക്കുക