ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ രാസായുധ സെല്ലിന് രൂപം നല്‍കുന്നതായി റിപ്പോര്‍ട്ട്. ഭീകരരുടെ ശക്തി കേന്ദ്രമായ സിറിയയിലെ മയാദീനും അൽ ഖയിമിനും ഇടയിലുള്ള പ്രദേശം ആസ്ഥാനമാക്കിയാണ് പുതിയ സെല്ലിനു തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് യുഎസ് അധികൃതരെ ഉദ്ധരിച്ചു വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള പരസ്പരം അറിയാത്ത നിരവധി വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സെൽ രൂപീകരിച്ചിരിക്കുന്നത്. സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി മയാദീനും അൽ ഖയിമിനും ഇടയിലുള്ള പ്രദേശത്ത് എത്തിക്കഴിഞ്ഞു. ബഗ്ദാദിയുടെ നേരിട്ടുള്ള നേതൃത്വത്തിലാകും സെല്ലിന്റെ രൂപീകരണവും മറ്റു നടപടികളും എന്നാണ് റിപ്പോര്‍ട്ട്.
ബഗ്ദാദിക്കൊപ്പം ആയിരക്കണക്കിന് ഭീകരര്‍ പ്രദേശത്ത് തമ്പടിച്ചു കഴിഞ്ഞതായാണ് വിവരം. വ്യാപകമായ തോതിലുള്ള രാസായുധ ആക്രമണമാണ് രാസായുധ സെല്‍ വഴി ഐഎസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളുടെ ആക്രമണത്തില്‍ ശക്തി കുറഞ്ഞതും തന്ത്രപ്രധാന മേഖലകളില്‍ നിന്ന് പിന്തിരിയേണ്ടി വന്നതുമാണ് രാസായുധ സെല്ലിന് രൂപം നല്കാന് ഐഎസിനെ പ്രേരിപ്പിച്ചത്.
ഭീകരര്‍ രാസായുധ ആക്രമണം ശക്തമാക്കിയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ഇതിനകം തന്നെ ചെറുതും വലുതുമായ പതിനഞ്ചിലധികം രാസായുധ ആക്രമണം ഭീകരര്‍ നടത്തിയതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.