കൊവിഡ് വാക്‌സിനുകൾ വിപണിയിലെത്തുമ്പോൾ അതുപോലെ തന്നെ വ്യാജ വാക്‌സിനുകളും എത്തിയേക്കാമെന്ന് ഇന്റർപോളിന്റെ മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് വഴിയും അല്ലാതെയും വ്യാജ വാക്‌സിനുകളുടെ പരസ്യം നല്‍കാനും അവ വില്‍ക്കാനും സാധ്യതയുണ്ടെന്നാണ് ഇന്റർപോളിന്റെ മുന്നറിയിപ്പ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് ഇന്റർപോൾ നോട്ടീസ് നൽകി.
വ്യാജവാക്‌സിനുകളെ സംബന്ധിച്ച് ഓറഞ്ച് നോട്ടീസാണ് ഇന്റർപോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ മുന്നറിയിപ്പ് നൽകാനാണ് ഇത് ഉപയോഗിക്കാറുള്ളത്.കുറ്റവാളികൾ വ്യാജ വാക്‌സിനുകൾ ഇന്റർനെറ്റ് വഴി വിൽക്കാൻ ശ്രമിക്കും. അതിനാൽ ഇത്തരത്തിലുള്ള വെബ്‌സൈറ്റുകളെ തിരിച്ചറിയണം ഇന്റർ പോൾ വിശദമാക്കി.