വെളിച്ചത്തിലേക്ക് അവർ നീന്തിയെത്തുന്നു; ഗുഹയിൽ കുടുങ്ങിക്കിടന്ന നാല് കുട്ടികളെ പുറത്തെത്തിച്ചു

തിങ്കള്‍, 9 ജൂലൈ 2018 (07:58 IST)
ഒടുവിൽ പതിനാറ് ദിവസം നീണ്ട കഠിനാധ്വാനത്തിന്റേയും പ്രയത്‌നത്തിന്റേയും ഫലമായി താം ലുവോങ് നാം ഗുഹയില്‍ക്കുടുങ്ങിയ 13 പേരില്‍ നാലുകുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ബാക്കിയുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു പുറത്തുവിട്ടിരിക്കുന്നത്. ഇക്കാര്യം തായ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 
 
രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇനി പരിശീലകനെയും എട്ടു കുട്ടികളെയുമാണ് പുറത്തെത്തിക്കാനുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക.
 
ഞായറാഴ്‌ച രാത്രിയോടെ ആദ്യദിവസത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നും തിങ്കളാഴ്ച രാവിലെ വീണ്ടും നടപടി പുനരാരംഭിക്കുമെന്നും അറിയിച്ചു. 

WATCH: BBC footage of ambulance leaving cave site amidst reports first boys from trapped football team have been rescued #thamluangcave #thamluang #ถ้ำหลวง #13ชีวิตติดถ้ำ #13ชีวิตรอดแล้ว #พาหมูป่ากลับบ้าน #ThailandCaveRescue pic.twitter.com/qu441ZuiJH

— Howard Johnson (@Howardrjohnson) July 8, 2018
 
മഴ തുടരുകയാണെങ്കില്‍ ഗുഹക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ ആശങ്കയിലും പ്രാര്‍ത്ഥനയിലുമാണ് പുറംലോകം. കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ ബഡ്ഡി ഡൈവിംഗ് എന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. നിലവില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവര്‍മാര്‍ വീതമുണ്ടാകും. ഗുഹക്കുപുറത്തുനിന്ന് കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറ് മണിക്കൂര്‍ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ എടുക്കുക ചുരുങ്ങിയത് 11 മണിക്കൂര്‍ വേണം.
 
വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാൻ‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്സിജന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ പ്രമുഖ മുങ്ങല്‍ വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘത്തില്‍ 13 പേര്‍ അന്താരാഷ്ട്ര തലത്തിലേതും അഞ്ചു പേര്‍ തായ്ലന്റിലേയും വിദഗ്ധരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍