ചോര്‍ച്ചയോട് ചോര്‍ച്ച; നഷ്‌ടമായത് 2.9 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ - കുറ്റസമ്മതവുമായി ഫേസ്‌ബുക്ക്

ശനി, 13 ഒക്‌ടോബര്‍ 2018 (12:15 IST)
കൂടുതല്‍ പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് വീണ്ടും രംഗത്ത്. സെപ്‌തംബറില്‍ 2.9 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് കമ്പനി അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

1.5 കോടിയോളം പേരുടെ ഫോണ്‍ നമ്പരുകളും ഇമെയില്‍ വിവരങ്ങളും ചോര്‍ത്തപ്പെട്ടതിനു പിന്നാലെ 1.4 കോടി ഉപയോക്‍താക്കളുടെ ജനനത്തീയതി, സെര്‍ച്ച് ഹിസ്റ്ററി, ലൈക്ക് ചെയ്ത പേജുകള്‍, സെര്‍ച്ച് ചെയ്‌ത വിവരങ്ങള്‍ എന്നിവയും ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ഫേസ്‌ബുക്ക് അറിയിച്ചിരിക്കുന്നത്.

പല ഉപയോക്താക്കളുടെയും വിദ്യാഭ്യാസ വിവരങ്ങള്‍, സുഹൃത്തുക്കളുടെ പേരുവിവരങ്ങള്‍ എന്നിവയും ചോര്‍ന്നതായി ഫേസ്‌ബുക്ക് അറിയിച്ചു. നിലവിലെ അന്വേഷണത്തില്‍ എഫ്ബിഐയുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ ഏത് രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും ഫേസ്‌ബുക്ക് വ്യക്തമാക്കി.

ഹാക്കിങ്ങിനു ഇരയായവര്‍ക്ക് നടന്ന കാര്യങ്ങള്‍ വ്യക്തമാക്കി സന്ദേശങ്ങള്‍ കൈമാറിയെന്നും സംശയകരമായി തോന്നുന്ന ഇ മെയിലുകള്‍, സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവയോടു ജാഗ്രത പാലിക്കണമെന്നും അറിയിച്ചതായി കമ്പനി അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍