ചാരവൃത്തി : അല്‍ജസീറ മാധ്യമ പ്രവര്‍ത്തകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക്‌ ഈജിപ്‌ത്യന്‍ കോടതി വധശിക്ഷ വിധിച്ചു

ഞായര്‍, 8 മെയ് 2016 (16:41 IST)
രാജ്യരഹസ്യങ്ങള്‍ ഖത്തറിന്‌ ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് രണ്ട്‌ അല്‍ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം ആറ്‌ പേര്‍ക്ക്‌ ഈജിപ്‌ത്യന്‍ കോടതി വധശിക്ഷ വിധിച്ചു. അല്‍ജസീറ അറബിക്‌ ചാനലിലെ ന്യൂസ്‌ ഡയറക്‌ടര്‍ ഇബ്രാഹിം മൊഹമ്മദ്‌ ഹിലാല്‍ ജോര്‍ദ്ദാനില്‍ നിന്നുള്ള അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ അലാ ഒമര്‍ മൊഹമ്മദ്‌ സബ്ലാന്‍ എന്നിവരാണ് വധശിക്ഷ ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍‌.
 
കേസില്‍ ഇത്‌ നാലാം തവണയാണ്‌ ഈജിപ്‌ഷ്യന്‍ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി ശിക്ഷാവിധി നേരിടുന്നത്‌. 
കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മുര്‍സിയെ സ്‌ഥാനഭ്രഷ്‌ടനാക്കിയിരുന്നു. കഴിഞ്ഞ മൂന്നു കേസുകളിലായി വധശിക്ഷയ്‌ക്കും ജീവപര്യന്തത്തിനും ഇരുപത് വര്‍ഷത്തെ തടവിനുമാണ് മുര്‍സി ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌. മുര്‍സിയും കേസിലെ പ്രതികളായ മറ്റു പത്ത്പേരും രഹസ്യരേഖകള്‍ ഖത്തറിനു ചോര്‍ത്തിക്കൊടുത്തതായാണ്‌ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആരോപിച്ചത്‌.
 
2015ല്‍ ജയില്‍ചാട്ടം, പോലിസ്‌ സ്‌റ്റേഷന്‍ ആക്രമണം എന്നീ കേസുകളിലാണ് മുര്‍സിക്കെതിരെ വധശിക്ഷ ചുമത്തിയത്‌. 2011ല്‍ അന്നത്തെ ഏകാധിപതി ഹുസ്‌നി മുബാറകിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുര്‍സി ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായെന്നായിരുന്നു അല്‍സീസിയുടെ ഏകാധിപത്യഭരണകൂടം ആരോപിച്ചത്‌.  ഈജിപ്‌തിലെ മുതിര്‍ന്ന്‌ സുന്നി നേതാവായ മുഫ്‌തിയുമായി വരുന്ന ജൂണില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം ശിക്ഷവിധിയില്‍ ഇളവുണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്‌.

(ചിത്രതിനു കടപ്പാട് : മംഗളം)
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക