കൊല്ലാനും കൊല്ലിക്കാനും മടിയില്ല; അഫ്രീദിയുടെ ഗതി എന്താകുമെന്നറിയാതെ പാക് മാധ്യമങ്ങള്‍ - എല്ലാം അധോലോകം തീരുമാനിക്കും
ശനി, 15 ഒക്‌ടോബര്‍ 2016 (15:09 IST)
പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷഹീദ് അഫ്രീദിയെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്‌ച അഫ്രീദിയെ ഫോണില്‍ ബന്ധപ്പെട്ട ദാവൂദ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദുമായുള്ള അഫ്രീദിയുടെ വാക് പോരിലാണ് ദാവൂദ് ഇടപെട്ടിരിക്കുന്നത്. മിയാന്‍ദാദിന്റെ ബന്ധുവായതിനാലാണ് ദാവൂദ് വിഷയത്തില്‍ ഇടപെടുകയും ഭീഷണി മുഴക്കുകയും ചെയ്‌തത്.
അഫ്രീദി വിടവാങ്ങല്‍ മത്സരം ആഗ്രഹിക്കുന്നത് പണത്തിന് വേണ്ടി മാത്രമാണെന്ന മിയാന്‍ദാദിന്റെ പ്രസ്‌താവനയാണ് താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്.
പണത്തെക്കുറിച്ച് മാത്രമാണ് ജീവിതത്തിലുടനീളം മിയാന്‍ദാദ് ചിന്തിച്ചിട്ടുള്ളത്. ക്രിക്കറ്ററെന്ന നിലയില്‍ അദ്ദേഹം ഒരിക്കലും അങ്ങനെ തരംതാണ കാര്യങ്ങള്‍ പറയരുതായിരുന്നു. ഇതാണ് മിയാന്‍ദാദും ഇമ്രാന്‍ ഖാനും തമ്മിലുള്ള വ്യത്യാസമെന്നുമാണ് അഫ്രീദി പറഞ്ഞത്.
ഇതോടെ അഫ്രീദിക്ക് മറുപടിയുമായി മിയാന്‍ ദാദ് വീണ്ടും രംഗത്തെത്തുകയും ചെയ്‌തു. അഫ്രീദി ഒത്തുകളിച്ചു എന്നായിരുന്നു പ്രധാന ആരോപണം. ഒത്തുകളിച്ചിട്ടില്ലെന്ന് സ്വന്തം മക്കളെ തൊട്ട് സത്യം ചെയ്യാമോ എന്നും മിയാന്‍ദാദ് ചോദിച്ചു. ഒത്തുകളിയ്ക്ക് താന്‍ കാഴ്ച്ചക്കാരനാണ്. ഒത്തുകളിച്ച പാക് ടീമിനെ താന്‍ കയ്യോടെ പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെയാണ് ഭീഷണയുടെ സ്വരവുമായി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എത്തിയത്.