എണ്ണവില 20 ഡോളറിലെത്തുമെന്ന് അഭ്യൂഹം; ചൈന തളര്‍ച്ചയിലേക്ക്
ചൊവ്വ, 22 ഡിസംബര്‍ 2015 (10:24 IST)
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലത്തകർച്ച തുടരുന്നു. 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 36.05 ഡോളറായി താഴ്ന്നു. 2004 ജൂലായിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. 2004 ജൂലൈയില്‍ 36.20 ഡോളറായിരുന്നു. എണ്ണവില കുറയുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ബാരലിന് 20 ഡോളര്‍ വരെ ആയേക്കാമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രവചനം. ബ്രന്റ് ക്രൂഡിന്റെ വില രണ്ടു ശതമാനം താഴ്ന്ന് 36.17 ഡോളറിലുമെത്തി.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്, വില കുറഞ്ഞാലും ഉത്പാദനം കുറയ്ക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ്. പക്ഷേ, അസംസ്‌കൃത എണ്ണവിലയിൽ ഓരോ ഡോളറും താഴുന്നത് എണ്ണ ഉത്പാദകരായ ദരിദ്ര രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. നൈജീരിയ, വെനിസ്വേല എന്നീ രാജ്യങ്ങളാണ് ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത്. സൗദി അറേബ്യ, കുവൈത്ത്, ബഹറൈൻ തുടങ്ങിയ സമ്പന്ന രാജ്യങ്ങൾക്ക് പോലും ഇപ്പോഴത്തെ വിലയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ബാരലിന് 40 ഡോളര്‍ എന്ന താങ്ങുവിലയില്‍നിന്നു താഴേക്കു പോയത് വീണ്ടും എണ്ണവില കുറയ്ക്കുമെന്ന് ക്ളാസാ എംഡിയും ഇക്വിറ്റി സ്ട്രാറ്റജിസ്റുമായ ക്രിസ്‌റ്റഫര്‍ വുഡ് അഭിപ്രായപ്പെട്ടു. അമേരിക്ക എണ്ണ ഉത്പാദനവും വിപണനവും വര്‍ധിപ്പിച്ചതും ആഗോളവിപണിയില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോളവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നത് ചൈനയുടെ തളര്‍ച്ചയാണ്. ഇന്നത്തെ നിലയില്‍ 2017ലെ ആഗോള ജിഡിപി 3.1 ശതമാനത്തില്‍നിന്ന് 1.8 ശതമാനം ആകുമെന്നാണ് വിലയിരുത്തല്‍. ബ്രന്റ് ക്രൂഡ് 2018 അവസാനം വരെയെങ്കിലും 55 ഡോളറില്‍ താഴെയായിരിക്കുമെന്നും വിദഗ്ധാഭിപ്രായമുണ്ട്.