ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. ആറരലക്ഷത്തോളം പേർക്ക് രോഗം, അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം
ലോകമെങ്ങുമുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം ആറരലക്ഷത്തോടടുക്കുന്നു. നിലവിൽ നൂറ്റിതൊണ്ണൂറിലേറെ രാജ്യങ്ങളിൽനിന്നായി മുപ്പതിനായിരത്തോളം ആളുകളാണ് ഇതുവരെയായി മരിച്ചത്.യൂറോപ്പിൽ 20,000ത്തിന്ന് മുകളിലാണ് മരണസംഖ്യ. സ്പെയിനിൽ മരണസംഖ്യ 5800 പിന്നിട്ടു. ഇറ്റലിയിൽ ഇതുവരെയായി പതിനായിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ബ്രിട്ടണിലും മരണസംഖ്യ 1000 പിന്നിട്ടു.
ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ മരണം 1700 കടന്നു. പ്രതിസന്ധി മറികടക്കുന്നതിനായി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നൽകി. പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജാണ് നിലവിൽ വന്നത്.പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യങ്ങൾ. അതേസമയം ലോകം സാമ്പത്തിക മദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണ്യനിധി വിലയിരുത്തി.74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.